
വെയിൽസ്: യുകെയിൽ രോഗിയായ സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുകയും, അവർക്ക് ചട്ടവിരുദ്ധമായി ഒപ്പിയോയിഡ് (Opioids)വേദനസംഹാരികൾ നൽകുകയും ചെയ്ത ഇന്ത്യൻ വംശജനായ പ്രശസ്ത ന്യൂറോ സർജനെ സസ്പെൻഡ് ചെയ്തു. യുകെയിലെ വെയിൽസിലുള്ള ന്യൂറോ സർജൻ ഡോ. ചിരാഗ് പട്ടേലിനെയാണ് മെഡിക്കൽ പ്രാക്ടീസിൽ നിന്നും എട്ട് മാസത്തേക്ക്സസ്പെൻഡ് ചെയ്തത്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ കൺസൾട്ടന്റായി ജോലി നോക്കുകയായിരുന്നു ഡോ. ചിരാഗ് പട്ടേൽ.
2019 ഫെബ്രുവരിയിൽ നട്ടെല്ലിലെ ഡിസ്കിന് തകരാർ സംഭവിച്ച ഒരു വനിതയെ ഡോ. ചിരാഗ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് 2019 ഓഗസ്റ്റിലും 2021 ഡിസംബറിലും ഇവർക്ക് മറ്റ് ശസ്ത്രക്രിയകളും നടത്തി. ആദ്യ ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെയാണ് ഡോക്ടറും രോഗിയും തമ്മിൽ ശാരീരിക ബന്ധം ആരംഭിക്കുന്നത്. രോഗിക്ക് മരുന്നുകളോട് അഡിക്ഷനുള്ളതായി മനസിലായിട്ടും, മെഡിക്കൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഡോക്ടർ ഇവർക്ക് മോർഫിൻ സൾഫേറ്റ് അടക്കമുള്ള ശക്തമായ ഒപ്പിയോയിഡ് വേദനസംഹാരികൾ നിർദ്ദേശിച്ചു നൽകി. ഈ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും രോഗിയുടെ ഔദ്യോഗിക മെഡിക്കൽ റെക്കോർഡുകളിൽ ഇയാൾ രേഖപ്പെടുത്തിയിരുന്നില്ല.
ഏകദേശം 2023 ജനുവരി വരെ ഈ ബന്ധവും മരുന്ന് നൽകലും തുടർന്നു. എന്നാൽ 2023 ഫെബ്രുവരിയോടെ ഇവർ തമ്മിലുള്ള ബന്ധം വഷളാകുകയും, സ്ത്രീ ഈ വിവരങ്ങൾ പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ആരോഗ്യ ബോർഡിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിചാരണയ്ക്കിടെ ഡോ. ചിരാഗ് പട്ടേൽ താൻ ചെയ്ത തെറ്റുകൾ സമ്മതിക്കുകയും രോഗിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചിരുന്നതായി സമ്മതിക്കുകയും ചെയ്തു. തന്‍റെ ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട സമയത്താണ് ഈ ബന്ധം തുടങ്ങിയതെന്നും പിന്നീട് ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്റെ കരിയറും കുടുംബവും തകർക്കുമെന്ന് പറഞ്ഞ് രോഗി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായും ഡോക്ടർ വാദിച്ചു. ബ്ലാക്ക്മെയിലിംഗിന് ഇരയായതിനാലാണ് ബന്ധം തുടർന്നതെന്നും ഭയം കാരണമാണ് മരുന്നുകൾ നൽകിയതെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ജനറൽ മെഡിക്കൽ കൗൺസിലിന് (GMC)വേണ്ടി ഹാജരായ അഭിഭാഷകർ ഡോക്ടറുടെ ലൈസൻസ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ പ്രവൃത്തി പ്രൊഫഷണൽ പദവിയുടെ ദുരുപയോഗമാണെന്നും രോഗിയുടെ സുരക്ഷയോട് കാണിച്ച ഗുരുതരമായ അനാസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഡോക്ടർ തന്റെ തെറ്റുകൾ തുറന്നുസമ്മതിച്ചതും ആത്മാർത്ഥമായി പശ്ചാത്തപിച്ചതും കണക്കിലെടുത്ത ട്രിബ്യൂണൽ, ലൈസൻസ് റദ്ദാക്കുന്നതിന് പകരം എട്ട് മാസത്തെ സസ്പെൻഷൻ നല്‍കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam