ഖത്തറിന്‍റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ശൈഖ് ഹമദ് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തും ദീർഘവീക്ഷണമുള്ള നേതാവുമാണെന്നും മോദി പറഞ്ഞു.

ദില്ലി: ഖത്തറിന്‍റെ മുൻ ഭരണാധികാരിയായിരുന്ന 'ഫാദർ അമീർ' എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശൈഖ് ഹമദ് ദീർഘവീക്ഷണമുള്ള ഒരു നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഖത്തർ മുൻ അമീർ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ ഞാൻ ഖത്തർ സന്ദർശിച്ച വേളയിൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ച കാര്യം ഓർക്കുന്നു. ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹം'- മോദി കുറിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ഖത്തറിന്‍റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 1995 മുതൽ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് 2013-ൽ ഭരണം തന്‍റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. ശൈഖ് ഹമദിന്‍റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.

Scroll to load tweet…