വന്‍ പിപിഇ കിറ്റ് അഴിമതി പുറത്തറിയിച്ച ഇന്ത്യന്‍ വംശജയെ ദക്ഷിണാഫ്രിക്കയില്‍ വെടിവച്ചു കൊന്നു

By Web TeamFirst Published Aug 26, 2021, 10:59 AM IST
Highlights

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജൊഹന്നാസ് ബര്‍ഗ്: കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജയെ ദക്ഷിണാഫ്രിക്കയില്‍ വെടിവച്ചു കൊലപ്പെടുത്തി. ബബിത ദേവ്‌കിരണ്‍ ആണ് വെടിയേറ്റു മരിച്ചത്. ഗ്യാടിങ്ങ് പ്രവിശ്യയിലെ ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ റിപ്പോർട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. 

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിയ്ക്കുന്നതായി സീരിയസ് ക്രൈം യൂണിറ്റ് അറിയിച്ചു.

2 കോടി ഡോളറിന്റെ പിപിഇ കിറ്റ് അഴിമതിയില്‍ ഉന്നതതല അന്വേഷണം നടക്കുകയാണ്. ഇതില്‍ പ്രധാന സാക്ഷികളില്‍ ഒരാളാണ് ബബിത ദേവ്‌കിരണ്‍. ഈ ആഴിമതിയില്‍ ഉള്‍പ്പെട്ട ചിലരില്‍ നിന്നും ബബിതയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബബിതയുടെ കൊലപാതകികളെ ഒന്നൊഴിയാതെ പിടികൂടും എന്നാണ് പ്രവിശ്യ പ്രിമീയറും അറിയിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!