വിസ നിയമങ്ങൾ കഠിനം! യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ചേക്കേറുന്നത് ഫ്രാൻസിലേക്ക്, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍

Published : May 19, 2026, 03:12 PM IST
flight

Synopsis

കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിസ പ്രതിസന്ധി കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിലേക്ക് തിരിയുന്നു. എന്നാൽ, 2026-27 മുതൽ വരാനിരിക്കുന്ന ട്യൂഷൻ ഫീസ് വർദ്ധനവും ഉയർന്ന ജീവിതച്ചെലവും ഈ ഉപരിപഠന സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക ഉയർത്തുന്നു. ഫ്രാൻസിൽ കരിയർ കെട്ടിപ്പടുക്കുന്നതിന് ഫ്രഞ്ച് ഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യവും ലേഖനം ചർച്ചചെയ്യുന്നു.

കാനഡ, യുകെ, യുഎസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഉപരിപഠന സ്വപ്നങ്ങളുമായി ഫ്രാന്‍സിലേക്ക് തിരിയുകയാണ്. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മീഡിയത്തിലുള്ള കൂടുതല്‍ കോഴ്‌സുകള്‍, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള്‍ എന്നിവയാണ് ഫ്രാന്‍സിനെ വിദ്യാര്‍ഥികളുടെ പുതിയ പ്രിയപ്പെട്ട ഇടമാക്കുന്നത്. എന്നാല്‍, ഫ്രാന്‍സ് വാതിലുകള്‍ തുറന്നിടുമ്പോഴും വിദ്യാര്‍ഥികളുടെ പോക്കറ്റ് ചോരുമെന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 2026-27 അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. ഇത് വിദ്യാഭ്യാസ മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

മാറിയ ചിന്താഗതികള്‍; ലക്ഷ്യം വിസയിലെ സ്ഥിരത

നിലവില്‍ വിദേശ രാജ്യങ്ങളില്‍ ജീവിതച്ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യാസവും ഇന്ത്യന്‍ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ മുടക്കി പഠിക്കാന്‍ പോകുമ്പോള്‍ വളരെ ചിന്തിച്ച് മാത്രമാണ് അവര്‍ രാജ്യം തിരഞ്ഞെടുക്കുന്നത്. മുന്‍പൊക്കെ സര്‍വകലാശാലകളുടെ റാങ്കും പ്രശസ്തിയും മാത്രം നോക്കിയാണ് വിദ്യാര്‍ഥികള്‍ പോയിരുന്നതെങ്കില്‍, ഇന്ന് സ്ഥിരതയുള്ള വിസ നിയമങ്ങളും തൊഴിലവസരങ്ങളുമാണ് അവര്‍ പ്രധാനമായും നോക്കുന്നത്.

2030-ഓടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30,000 ആയി ഉയര്‍ത്താനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണ്. കാനഡയിലും യുകെയിലും വിസ നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം എന്ന അവസ്ഥയുള്ളപ്പോള്‍ ഫ്രാന്‍സ് നല്‍കുന്ന വിസ സ്ഥിരതയാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.

ഒളിഞ്ഞിരിക്കുന്ന മറ്റ് ചെലവുകള്‍

ഫ്രാന്‍സിലെ പഠനച്ചെലവ് മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഫീസ് വര്‍ധന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. ട്യൂഷന്‍ ഫീസ് മാത്രമല്ല, യൂറോപ്പിലെ പ്രധാന നഗരങ്ങളിലെ താമസച്ചെലവ്, യാത്രാക്കൂലി, നിത്യനിദാന ചെലവുകള്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്ക് വലിയ ഭാരമാണ്. പ്രത്യേകിച്ച് താമസസൗകര്യങ്ങള്‍ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. പുതിയ ഫീസ് വര്‍ധനവോടെ ഫ്രാന്‍സ് ഇനി ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ക്ക് മാത്രം പ്രാപ്യമായ ഒരു 'പ്രീമിയം' പഠനകേന്ദ്രമായി മാറിയേക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കടുത്ത മത്സരവുമായി ജര്‍മ്മനിയും അയര്‍ലന്‍ഡും

ഫ്രാന്‍സില്‍ ചെലവ് കൂടുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ സാധ്യതയുണ്ട്.

ജര്‍മ്മനി: പല പബ്ലിക് യൂണിവേഴ്‌സിറ്റികളിലും ട്യൂഷന്‍ ഫീസ് ഇല്ലാത്തതിനാല്‍ ജര്‍മ്മനി ഇപ്പോഴും വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ്.

അയര്‍ലന്‍ഡ്: ഇംഗ്ലീഷ് സംസാരിക്കുന്ന അന്തരീക്ഷവും ഐടി മേഖലയിലെ മികച്ച തൊഴിലവസരങ്ങളും അയര്‍ലന്‍ഡിനെ ആകര്‍ഷകമാക്കുന്നു.

കിഴക്കന്‍ യൂറോപ്പ്: മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കായി കുറഞ്ഞ ചെലവുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നുണ്ട്.

എങ്കിലും ലക്ഷ്വറി മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി, ബിസിനസ്, സസ്‌റ്റൈനബിലിറ്റി, എയറോസ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഫ്രാന്‍സിന് ഇപ്പോഴും വലിയ ഡിമാന്‍ഡുണ്ട്.

ഫ്രഞ്ച് ഭാഷ വലിയൊരു വെല്ലുവിളി

വിദേശപഠനത്തെ ഒരു വലിയ ദീര്‍ഘകാല നിക്ഷേപമായാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ട് ടൈം ജോലികള്‍, ഇന്റേണ്‍ഷിപ്പുകള്‍, പഠനശേഷമുള്ള തൊഴില്‍ സാധ്യതകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന. എന്നാല്‍ ഫ്രാന്‍സില്‍ കരിയര്‍ കെട്ടിപ്പടുക്കണമെങ്കില്‍ ഭാഷ വലിയൊരു വെല്ലുവിളിയാണ്. ഫ്രാന്‍സില്‍ മികച്ച ജോലി കണ്ടെത്തണമെങ്കില്‍ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച് ഭാഷയും പഠിച്ചേ തീരൂ എന്ന് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രൂപയ്ക്ക് റെക്കോർഡ് തകർച്ച; പ്രവാസികൾക്ക് സുവർണ്ണാവസരമോ? മുന്നേറി ഗൾഫ് കറൻസികൾ
ഞങ്ങളെ തൊട്ടാല്‍ ചോരപ്പുഴ ഒഴുകും; യുദ്ധഭീതിക്കിടെ അമേരിക്കയ്ക്ക് ക്യൂബയുടെ മുന്നറിയിപ്പ്