
ടെഹ്റാന്‍: ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. ഇൻറർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ല എന്നാണ് വിവരം.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേ സമയം കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സംസാരിച്ചു. വിദ്യാർത്ഥികളെ ഒഴിപ്പിച്ച് തുടങ്ങിയ വിവരം എസ് ജയശങ്കർ ഒമർ അബ്ദുള്ളയെ അറിയിച്ചിട്ടുണ്ട്. ഇറാനിലുള്ളവരുമായി നിരന്തര സമ്പർക്കത്തിലെന്നും,സുരക്ഷ കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് ഇന്നലെ തന്നെ അറിയിച്ചതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam