
ദുബായ്: വർഷങ്ങളായി പാസ്‌പോർട്ട് പോലും കൈയിലില്ലാതെ, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുബായിൽ കുടുങ്ങിപ്പോയ ഒഡീഷ സ്വദേശിനിക്ക് രക്ഷയായത് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ. വർഷങ്ങളായി ദുബായിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഹസ്ത മഹാനന്ദയെന്ന സ്ത്രീയെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് മോചിപ്പിച്ച് നാട്ടിലേക്ക് കയറ്റി അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത 2019-ലാണ് യുഎഇയിൽ എത്തിയത്. പിന്നീട് ഒരു തവണ നാട്ടിൽ പോയി 2022-ൽ തിരിച്ചെത്തിയെങ്കിലും അതിനുശേഷം നാട്ടിലേക്ക് പോകാൻ തൊഴിലുടമ ഇവരെ അനുവദിച്ചില്ല. മൂന്ന് വർഷത്തിലേറെയായി നാട്ടിലെ കുടുംബവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇതോടെ ഒഡീഷയിലുള്ള കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നയതന്ത്ര ഇടപെടലിനായി നിർദ്ദേശം നൽകുകയും ചെയ്തു. ഇതേസമയം തന്നെയാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഹസ്തയുടെ ഫേസ്ബുക്ക് വീഡിയോ പെടുന്നത്. തുടർന്ന് ഓൾ ഇന്ത്യ റേഡിയോയുടെ സഹായത്തോടെ കോൺസുലേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. അവരുടെ പാസ്‌പോർട്ട് നമ്പർ, വിസ വിവരങ്ങൾ എന്നിവ വഴി സ്പോൺസറെയും കമ്പനി മാനേജരെയും ഉദ്യോഗസ്ഥർ കണ്ടെത്തി. കോൺസുലേറ്റിന്റെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ മെയ് 12-ന് കമ്പനി മാനേജർ ഹസ്തയെ ദുബായ് കോൺസുലേറ്റ് ഓഫീസിൽ നേരിട്ടെത്തിച്ചു.
കോൺസുലേറ്റിൽ എത്തിച്ച ഹസ്തയുടെ വിസയും ലേബർ കോൺട്രാക്റ്റും അധികൃതർ റദ്ദാക്കി. തുടർന്ന് കോൺസുലേറ്റ് പരിസരത്ത് അവർക്ക് 15 ദിവസത്തോളം താമസവും ഭക്ഷണവും ഒരുക്കി നൽകി. ഹസ്തയ്ക്ക് ലഭിക്കാനുണ്ടായിരുന്ന കുടിശ്ശിക ശമ്പളവും മറ്റ് സർവീസ് ആനുകൂല്യങ്ങളും കമ്പനിയെക്കൊണ്ട് വാങ്ങി നൽകാൻ കോൺസുലേറ്റിന് സാധിച്ചു.
‘കമ്പനി എന്നെ നാട്ടിലേക്ക് വിടുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചു. നാല് മാസത്തിന് ശേഷം കോൺസുലേറ്റ് എന്നെ കണ്ടെത്തുകയും രണ്ടാഴ്ചയോളം സംരക്ഷണം നൽകുകയും ചെയ്തു. നാട്ടിൽ 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺമക്കളുണ്ട് എനിക്ക്. ഇപ്പോൾ കോൺസുലേറ്റ് എനിക്ക് നാട്ടിലേക്കുള്ള ടിക്കറ്റും തന്നു, ഞാൻ ഒത്തിരി സന്തോഷത്തിലാണ്’- മോചനത്തിന് ശേഷം ഹസ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് കോൺസുലേറ്റ് ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകിയത്. പ്രവാസ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന സാധാരണക്കാർക്ക് സോഷ്യൽ മീഡിയ എത്രത്തോളം തുണയാകുമെന്നതിന്റെ നേർക്കാഴ്ചയാണ് ഹസ്തയുടെ ഈ മോചനം.
The safety and welfare of Indian nationals remains our highest priority.
Heartening to see the successful repatriation and reunion of an Indian national from Odisha with her family after years apart. The Consulate continues to extend every possible assistance to Indians in… https://t.co/hRAAJTmeG4— India in Dubai (@cgidubai) June 7, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam