
ജറുസലേം: ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായി ഇറാൻ ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തി. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് മേഖലയിൽ യുദ്ധഭീതി ശക്തമാവുകയും അയൽരാജ്യങ്ങളായ ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകൾ താത്കാലികമായി അടക്കുകയും ചെയ്തു.
ഇന്നലെയാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തത്. സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത അടുത്ത 72 മണിക്കൂറത്തേക്ക് അടച്ചതായി പ്രഖ്യാപിച്ചു. സിറിയ ദമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചു. ഒപ്പം തെക്കൻ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് അടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയും അടച്ചിരിക്കുകയാണ്.
ഇറാന്റെ മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. തിരിച്ചടിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങൾ മേഖലയിലെ സമാധാന ചർച്ചകളെ ബാധിക്കുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുമെന്ന് ഇറാന്റെ റെവല്യൂഷനറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam