
ബെർക്ക്‌ഷെയർ: നാല് വയസുള്ള മകനെ ക്രൂരമായി കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യൻ വംശജയായ ഇൻഫ്ലുവൻസർക്ക് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് കോടതി. ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയർ കൗണ്ടിയിലെ മെയ്‌ഡൻഹെഡിയിലെ റീഡിംഗ് ക്രൗൺ കോടതിയാണ് 37കാരിയായ ഇന്ത്യൻ വംശജയ്ക്ക് മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് യുവതിക്കെതിരായ വിചാരണയിൽ കൊലപാതക കുറ്റം തെളിഞ്ഞത്. ആകാംൻക്ഷ ആദിവരേക്കർ എന്ന 37കാരി നാല് വയസ് പ്രായമുള്ള മകനെ 11 ലേറെ തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ഇന്ത്യയിൽ വച്ച് തന്നെ ആകാംൻഷ ആദിവരേക്കറിന് ബൈ പോളാർ ഡിസോഡർ ഉള്ളതായി കണ്ടെത്തിയിരുന്നു. യുകെയിലേക്ക് കുടിയേറുന്നതിനുമുമ്പ് മുംബൈയിൽ ദന്തരോഗവിദഗ്ദ്ധയായി ജോലി ചെയ്തിരുന്ന ആകാംൻക്ഷ ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ബ്രിട്ടനിലേക്ക് എത്തിയ ശേഷവും വിഷാദത്തിനും അമിതമായ ഉത്കണ്ഠയ്ക്കും ചികിത്സ തേടിയിരുന്നു. എന്നാൽ തുടർ ചികിത്സകളിൽ യുവതിക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ കണ്ടിരുന്നു. മകനും ഭർത്താവുമടങ്ങിയ കുടുംബത്തോടൊപ്പം യുവതിയെ ഏറെ സന്തോഷത്തോടെയാണ് കാണാൻ സാധിച്ചതെന്നും പ്രോസിക്യൂട്ടർ പ്രതികരിച്ചു.
ജൂൺ 10നാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. മകൻ അഗസ്ത്യ ഹെഗിഷ്തെയെ കഴുത്തിൽ 11 തവണ കുത്തിയാണ് ആകാംൻക്ഷ ആദിവരേക്കർ കൊലപ്പെടുത്തിയത്. ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെ ഇവർ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെത്തി താൻ മകനെ കൊന്നുവെന്ന് ഡോക്ടർമാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ജൂൺ 10ന് നാട്ടിലേക്ക് തന്നെ കൂട്ടാതെ പോകുമോയെന്നും വിവാഹ മോചനം നേടിയാൽ കുട്ടിയുടെ അവകാശം ആർക്ക് ആയിരിക്കുമെന്ന് ആകാംൻക്ഷ ഭർത്താവിനോട് ചോദിച്ചിരുന്നു. തീർത്തും ദുരന്തപൂർണമായ സംഭവമാണ് നടന്നതെന്ന് വിലയിരുത്തിയ കോടതി, യുവതിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി വിശദമാക്കിയത്.
കുടുംബത്തിന്റെ അഗാധമായ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് വിശദമാക്കിയ ശേഷമാണ് മാനസിക വിഭ്രാന്തിയാണ് കൃത്യത്തിന് കാരണമെന്നും ചികിത്സയാണ് വേണ്ടതെന്നുമാണ് റീഡിംഗ് ക്രൗൺ കോടതി ജഡ്ജി ഗ്രീവ് വിശദമാക്കിയത്. ആകാംൻക്ഷയ്ക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ഐടി ജീവനക്കാരനായ ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടികുന്നു. ഫൗണ്ടൻ പേനകളുടെ ചിത്രങ്ങൾ പങ്കുവച്ച് 'പെൻഫ്ലുവൻസർ' എന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് യുവതി. ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലിറ്റിൽമോർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ് 37കാരിയുള്ളത്. നീതിന്യായ മന്ത്രാലയത്തിന്റെയോ മാനസികാരോഗ്യ ട്രൈബ്യൂണലിന്റെയോ അനുമതിയോടെ മാത്രമാകും യുവതിയെ ആശുപത്രിയിൽ നിന്ന് മോചിപ്പിക്കുകയെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam