
ദില്ലി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. എംടി വാലിയൻ്റ് റോറിലെ ഇന്ത്യക്കാരായ ജീവനക്കാരോട് ബന്ധപ്പെടാൻ അടിയന്തര അനുമതി വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ദിബ്ബ പോർട്ടിൽ വച്ച് ഇന്ധനക്കടത്ത് ആരോപിച്ച് കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബം മോചനം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
ഡിസംബർ 8നാണ് യുഎഇ കമ്പനിയുടെ കീഴിലുള്ള കപ്പൽ അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് ഇറാൻ പിടിച്ചെടുത്തത്. 6000 മെട്രിക് ടണ്‍ ഇന്ധനം മോഷ്ടിച്ചു കടത്തി എന്നായിരുന്നു ആരോപണം. കപ്പലിൽ ശേഖരിച്ചിരുന്ന ഭക്ഷണം തീർന്നതോടെ, ബന്ദികളാക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബന്ദർ അബ്ബാസിലെ കോൺസുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് കപ്പലിലേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലിൽ ആകെയുള്ള 18 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. ഒരു ബംഗ്ലാദേശ് പൗരനും ഒരു ശ്രീലങ്കൻ പൗരനും സംഘത്തിലുണ്ട്. ഡിസംബർ പകുതിയോടെയാണ് കപ്പൽ തടഞ്ഞുവെച്ച വിവരം ഇറാൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്. തുടർന്ന് ഡിസംബർ 14ന് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് നാവികർക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇറാന് കത്ത് നൽകി. പിന്നീട് എംബസി തലത്തിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരവധി തവണ ഈ ആവശ്യം ആവർത്തിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവികർക്ക് ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കാൻ അവസരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ നാവികർ ഇറാനിൽ നിയമ നടപടികൾ നേരിടുകയാണ്. ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും നാവികർക്ക് നിയമസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam