ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന

By Web TeamFirst Published Mar 15, 2019, 6:54 PM IST
Highlights

വളരെ പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് ആക്രമണത്തിൽ ഇരയായവരുടെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു. കൃത്യമായ വിവരം ലഭ്യമായതിന് ശേഷം വിശദാംശങ്ങൾ നൽകാമെന്നും വാർത്താക്കുറിപ്പിലുണ്ട്.

വെല്ലിംഗ്ടൺ: ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യാക്കാരും മരിച്ചെന്ന് സൂചന. ന്യൂസീലൻഡ് അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വളരെ പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് ആക്രമണത്തിൽ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നൽകാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു. കൃത്യമായ വിവരം ലഭ്യമായതിന് ശേഷം വിശദാംശങ്ങൾ നൽകാമെന്നും വാർത്താക്കുറിപ്പിലുണ്ട്. ഭീകരാക്രമണത്തിന് ശേഷം ഒൻപത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.

ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

click me!