യു എസ് പ്രസിഡന്റ് ട്രംപ്, നെതന്യാഹുവിന്റെ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. "അദ്ദേഹം എന്നെ കാണാൻ ആഗ്രഹിക്കുന്നു, ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും ഫ്ലോറിഡയിൽ വച്ച് കൂടിക്കാഴ്ച നടന്നേക്കാം" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്

ടെൽ അവീവ്: ഇറാനെ വീണ്ടും ആക്രമിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാന്‍ ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കുന്നതായുള്ള ആശങ്ക സജീവമായതോടെയാണ് ഇസ്രയേൽ പുതിയ സൈനിക നടപടികൾക്കുള്ള നീക്കം ശക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തരമായി യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇറാനെതിരായ പുതിയ സൈനിക നീക്കം വിശദീകരിക്കാനാണ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നതെന്നാണ് പ്രചരണം. ആക്രമണത്തിന്‍റെ വിശദമായ വിവരങ്ങൾ അമേരിക്കൻ പ്രസിഡന്‍റിനെ ധരിപ്പിക്കാനൊരുങ്ങുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൂടിക്കാഴ്ച സ്ഥിരീകരിച്ച് ട്രംപ്

ഈ മാസാവസാനം ഫ്ലോറിഡയിലെ മാർ എ ലാഗോയിൽ വെച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ മിസൈൽ ഉത്പാദനം പുനഃസ്ഥാപിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ നവീകരിക്കുന്നതും പ്രധാന ചർച്ചാവിഷയമാകുമെന്ന് എൻ ബി സി ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം ഇസ്രയേലും ഇറാനും തമ്മിൽ നടന്ന കനത്ത യുദ്ധം ലോകത്തെ ആകെ ആശങ്കയിലാക്കിയിരുന്നു. ഇതിന് ശേഷം ഇറാൻ മിസൈൽ പരിപാടി വീണ്ടും ശക്തിപ്പെടുത്തുന്നുവെന്നും ഇസ്രയേലിന് ഇത് ഗുരുതര ഭീഷണിയാണെന്നുമാണ് നെതന്യാഹുവിന്‍റെ വാദം.

ഇറാന്റെ ന്യൂക്ലിയർ പരിപാടി പൂർണമായി തകർത്തുവെന്ന അമേരിക്കയുടെ വാദത്തിനിടയിലും മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് കൂടുതൽ അടിയന്തര പ്രശ്നമായി ഇസ്രയേൽ കാണുന്നു. നെതന്യാഹു ട്രംപിനോട് ഈ ഭീഷണി വേഗം നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുമെന്നും യു എസ് പിന്തുണയോടെ പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യതകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാസയിലെ സമാധാന ചർച്ചകളുടെ അടുത്ത ഘട്ടവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെങ്കിലും ഇറാൻ വിഷയം പ്രധാനമായിരിക്കുമെന്നാണ് സൂചന.

യു എസ് പ്രസിഡന്റ് ട്രംപ്, നെതന്യാഹുവിന്റെ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. "അദ്ദേഹം എന്നെ കാണാൻ ആഗ്രഹിക്കുന്നു, ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും ഫ്ലോറിഡയിൽ വച്ച് കൂടിക്കാഴ്ച നടന്നേക്കാം" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ കൂടിക്കാഴ്ച പശ്ചിമേഷ്യയിലെ സ്ഥിരതയെ ബാധിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയാകുമെന്നാണ് പ്രതീക്ഷ.