
ജക്കാർത്ത: ഇന്തോനേഷ്യയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇന്തോനേഷ്യൻ ഗവൺമെന്റ് പുറത്തുവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് 16 വയസ് വരെ പ്രായക്കാർ ഉപയോഗിക്കുന്നത് വിലക്കിയത്. പുതിയ നിയമം അനുസരിച്ച് 16 വയസുവരെ പ്രായക്കാർക്ക് യൂട്യൂബ്, ടിക്‌ടോക്, ഫേസ്‌ബുക്ക് , ഇൻസ്റ്റാഗ്രാം , എക്സ് , ത്രെഡ്‌സ് , ബിഗോ ലൈവ് , റോബ്ലോക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനാവില്ല. ഈ വരുന്ന മാർച്ച് 28 മുതൽ ഈ നിയമം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ മന്ത്രി മ്യൂട്ടിയ ഹാഫിദ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം, ഓൺലൈൻ അധിക്ഷേപങ്ങളും ഭീഷണികളും തടയുക, സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുക, കുട്ടികളെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമം നടപ്പിലാക്കുന്നത്.
കുട്ടികൾക്ക് ഉപയോഗിക്കാനായി പ്രായത്തിന് അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 'ലോ-റിസ്ക്' പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പ്ലാറ്റ്‌ഫോമുകൾ കൃത്യമായ പ്രായപരിശോധന നടത്തണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഓസ്‌ട്രേലിയ നേരത്തെ തന്നെ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. ഇത് പിന്തുടർന്നാണ് വലിയ മാറ്റത്തിന് ഇന്തോനേഷ്യൻ സർക്കാരും തയ്യാറാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam