മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികത്താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം യുഎസ് സേന തകർത്തു. ആക്രമണത്തിന് കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയ്ക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അതിരൂക്ഷമായ വാക്കുകളിലാണ് ട്രംപ് പ്രതികരിച്ചത്. ആക്രമണത്തിനു ശേഷം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് കടുത്ത പ്രതികരണം നടത്തിയത്. അമേരിക്കൻ സേന ഇറാനെ കഠിനമായി ആക്രമിക്കുമെന്നും ശക്തമായ പ്രഹരം അവർക്ക് നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച അമേരിക്കൻ സമയം വൈകീട്ട് 5.45-ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണശ്രമം നടത്തിയത്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ യുഎസ് സൈന്യം അവ പൂർണ്ണമായും തകർത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിച്ചു. റിയൽ ടൈമിൽ മിസൈലുകളുടെ കോഓർഡിനേറ്റുകൾ കൃത്യമായി പരിശോധിച്ച് ലക്ഷ്യത്തിലെത്തും മുമ്പേ തകർത്തതായും ട്രംപ് വ്യക്തമാക്കി.
ഇറാൻ വിഷയത്തിൽ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ഈ ആക്രമണമുണ്ടായത്. രണ്ടാഴ്ചയായി തുടർന്നിരുന്ന സൈനികനീക്കങ്ങൾ അമേരിക്ക താത്കാലികമായി നിർത്തിവെച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. ഇതിനിടെ, ഇറാഖിലെ പ്രോ-ഇറാനിയൻ മിലിഷ്യ ഗ്രൂപ്പുകൾക്ക് നേരെ യുഎസും സൗദിയും സംയുക്തമായി നടത്തിയ ആക്രമണങ്ങളെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇത്തരം മിലിഷ്യകളെ ലോകത്തിന് ഭീഷണിയായ അർബുദം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കടുത്ത സൈനിക നിലപാടുകൾക്കൊപ്പം തന്നെ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.


