
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്‍റുമായ സുകാര്‍ണോയുടെ (Soekarno) മകള്‍ സുഖമാവതി സുകാര്‍ണോപുത്രി ( Sukmawati Soekarnoputri ) ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം ( Hinduism) സ്വീകരിക്കുന്നു. ഇന്ത്യോനേഷ്യന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിയഹ് മുത്തിയേരാ സുഖമാവതി സുകാര്‍ണോപുത്രി എന്ന് അറിയപ്പെടുന്ന ഇവര്‍ സുകാര്‍ണോയുടെ മൂന്നാമത്തെ ഭാര്യ ഫത്മാവതിയില്‍ ഉണ്ടായ പുത്രിയാണ്. ഇവരുടെ സഹോദരി മേഘാവതി സുകാര്‍ണോപുത്രി നേരത്തെ ഇന്ത്യോനേഷ്യന്‍ രാഷ്ട്രപതിയായിരുന്നു.
അറുപത്തിയഞ്ചുകാരിയായ സുഖമാവതി സുകാര്‍ണോപുത്രി ഇന്ത്യോനേഷ്യന്‍ നാഷണല്‍ പാര്‍ട്ടി സ്ഥാപകയാണ്. 1958 ല്‍ അന്തരിച്ച സുകാര്‍ണോയുടെ മാതാവ് ഇഡാ ആയു നെയോമാന്‍ റായി ശ്രീബംവന്‍റെ സ്വാദീനമാണ് ഇത്തരം ഒരു മതംമാറ്റത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു ആചാരമായ ശുദ്ധ് വാദനി നടത്തിയാണ് സുഖമാവതി ഹിന്ദുമതം സ്വീകരിക്കുക. ഒക്ടോബര്‍ 26 ചൊവ്വാഴ്ച ബാലിയില്‍ നടക്കുന്ന ചടങ്ങ് നടക്കുക. തന്‍റെ 70മത്തെ പിറന്നാള്‍ ദിവസമായിരിക്കും സുഖമാവതിയുടെ മതംമാറ്റം.
അഭിഭാഷകയായ സുഖമാവതി കുറച്ചുകാലമായി സ്ഥിരമായി ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മുത്തശ്ശിയുടെ മതം എന്നതാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഇവര്‍ പറയുന്നു. ഹിന്ദു മത ഗ്രന്ഥങ്ങള്‍ താന്‍ വായിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
അതേ സമയം ഇന്ത്യോനേഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സുഖമാവതിയുടെ മതപരിവര്‍ത്തനം സഹോദരി മേഘാവതി സുകാര്‍ണോപുത്രി അടക്കം കുടുംബത്തിലെ അംഗങ്ങള്‍ അറിഞ്ഞുകൊണ്ടാണ് എന്നാണ് പറയുന്നത്. നേരത്തെയും ഇന്ത്യോനേഷ്യയിലെ ഹിന്ദു മതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുകാര്‍ണോ കുടുംബത്തിലെ അംഗമാണ് സുഖമാവതി എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam