
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ താത്കാലികമായി നിർത്തി വച്ചതോടെ പ്രതിസന്ധിയിലാണ് പാകിസ്ഥാൻ. ഇനി പാകിസ്ഥാന്‍റെ ജലസംഭരണികളിൽ ഏതാണ്ട് 30 ദിവസത്തേക്കുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ ഡാമുകളായ തർബേല, മംഗള എന്നിവ ഏറക്കുറെ വറ്റിയ നിലയിലാണ്.
പാകിസ്ഥാന്‍റെ കാർഷിക മേഖലയുടെ ഏകദേശം 80-90 ശതമാനവും സിന്ധു നദീജല കരാർ പ്രകാരം ലഭിച്ചിരുന്ന വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. ഇതു നിലച്ചതോടെ നട്ടംതിരിയുകയാണ് പാകിസ്ഥാൻ. ഇന്ത്യയ്ക്കെതിരെ യുഎന്നിൽ ഉൾപ്പെടെ പാകിസ്ഥാൻ പരാതി ഉന്നയിക്കുകയും ചെയ്തു. എന്നാൽ വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ഇന്ത്യ വെള്ളത്തെ ആയുധമായി ഉപയോഗിച്ചു എന്നാണ് പാകിസ്ഥാൻ ആരോപിച്ചത്. എന്നാൽ പാകിസ്ഥാൻ ഭീകരവാദ നയം ഉപേക്ഷിക്കണമെന്നും സ്വന്തം മണ്ണിലെ ഭീകരവാദ ക്യാമ്പുകൾ തകർക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു 1993ലെ മുംബൈ സ്ഫോടനം, മുംബൈ ഭീകരാക്രമണം തുടങ്ങി പുൽവാമ ഭീകരാക്രമണങ്ങൾ വരെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി.
യുഎൻ രക്ഷാസമിതി, യുഎൻ ജനറൽ അസംബ്ലി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഷാങ്ഹായ് സഹകരണ കൗൺസിൽ, ലോക ബാങ്ക് തുടങ്ങിയ തലത്തിലെല്ലാം പാകിസ്ഥാൻ പരാതി ഉന്നയിച്ചിട്ടുണ്ട്. 240 ദശലക്ഷം ജീവൻ അപകടത്തിലാണ് എന്നാണ് പാകിസ്ഥാൻ മുന്നോട്ടുവയ്ക്കുന്ന വാദം. കഴിഞ്ഞ വർഷം ഏപ്രിൽ 23 ന് ഭീകരർ പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീ ജല കരാറിൽ സുപ്രധാന തീരുമാനം എടുത്തത്. ഇന്ത്യയുടെ നടപടി പാകിസ്ഥാനെതിരായ യുദ്ധപ്രഖ്യാപനമാണ് എന്നാണ് പാകിസ്ഥാന്‍റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam