
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധൂനദീജലക്കരാർ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് സിന്ധു നദിയിൽ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം തുറന്നുവിടുന്നതിൽ കുറവെന്ന് റിപ്പോർട്ട്. ജലദൗർലഭ്യം പാകിസ്ഥാനിൽ ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ സർക്കാരിന്റെ സിന്ധു നദീതട അതോറിറ്റി (IRSA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജൂൺ 16 ന് സിന്ധു നദീതടത്തിൽ നിന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്ക് തുറന്നുവിട്ട മൊത്തം വെള്ളത്തിന്റെ അളവ് 1.33 ലക്ഷം ക്യൂസെക്‌സ് ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതേ ദിവസം 1.6 ലക്ഷം ക്യുസെക് വെള്ളമാണ് തുറന്നുവിട്ടത്. ഇക്കുറി 16.87% കുറഞ്ഞു. ഈ വർഷം ഇതേ തീയതിയിൽ സിന്ധു നദിയിൽ നിന്ന് പഞ്ചാബ് പ്രവിശ്യയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിലും നേരിയ കുറവുണ്ടായി. 2.25 ശതമാനമാണ് കുറഞ്ഞത്.
ഖാരിഫ് വിളകളുടെ വിതയ്ക്കൽ ആരംഭിച്ച സമയത്ത് തന്നെ പാകിസ്ഥാനിലെ സിന്ധു നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദികളിലും ജലസംഭരണികളിലും വെള്ളം കുറവാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് രാജ്യത്തെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. പാകിസ്ഥാനിൽ മൺസൂൺ എത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ബാക്കിയിരിക്കെ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് പറയുന്നത്.
കരാർ മരവിപ്പിച്ചതിന് ശേഷം സിന്ധു നദീജല പദ്ധതിയുമായി ബന്ധപ്പെട്ട് നദികളുടെ ജലനിരപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നത് ഇന്ത്യ നിർത്തിവച്ചതും പാകിസ്ഥാന് തിരിച്ചടിയായി. അതിനാൽ, സിന്ധു നദീതട സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ നദികളുടെ ജലനിരപ്പ് ഉയരുമ്പോൾ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകാനും സാധിക്കില്ല.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഈ ഉടമ്പടി പ്രകാരം, സിന്ധുനദീതടത്തിലെ മൂന്ന് നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ മേൽ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടായിരിക്കും. അതേസമയം സിന്ധു, ഝലം, ചെനാബ് എന്നീ മൂന്ന് നദികളിൽ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാകിസ്ഥാന് ലഭിക്കും.