
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് നിര്‍ണായക സന്ദേശം കൈമാറി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാൻ. ഇറാൻ അംബാസഡർ ഖത്തർ വിദേശകാര്യ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. കത്തിലെ ഉള്ളടക്കം നിര്‍ണായകമാണ് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മധ്യപൂർവദേശത്തെ സ്ഥിതിഗതികൾ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനും ഫോണിലൂടെ ചർച്ച ചെയ്തു.
അതേസമയം, അമേരിക്ക ഇസ്രായേലിനൊപ്പം ചേരുന്നത് ഇസ്രായേല്‍ ദുര്‍ബലമായത് കൊണ്ടാണെന്ന് തെളിയിക്കുന്നുവെന്ന് ഖമനേയി വിമര്‍ശിച്ചു. അമേരിക്കയും ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേരുമെന്ന സൂചനകളോട് കടുത്ത ഭാഷയിലാണ് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പ്രതികരണം. സംഘർഷത്തിൽ യുഎസ് സൈന്യത്തിന്‍റെ ഇടപെടലുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും ഖമെനേയി പ്രത്യേക അഭിസംബോധനയിൽ രാജ്യത്തോട് പറഞ്ഞു. സംഘർഷത്തിൽ ഇടപെട്ടാൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും ട്രംപിന് ഖമനേയി മറുപടി നല്‍കി.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളയുകയാണ് ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.