'ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം'; ആറ് നദികളും പിടിച്ചെടുത്ത് വെള്ളമെത്തിക്കുമെന്ന് ബിലാവൽ ഭൂട്ടോ

Published : Jun 24, 2025, 08:43 AM ISTUpdated : Jun 24, 2025, 08:51 AM IST
Bilawal bhutto

Synopsis

ഇന്ത്യ വെള്ളം നിഷേധിച്ചാൽ വീണ്ടും യുദ്ധം ചെയ്യേണ്ടിവരുമെന്നും സിന്ധുനദീജല കരാർ നിയമവിരുദ്ധമായാണ് ഇന്ത്യ നിർത്തിവച്ചതെന്നും ബിലാവൽ ഭൂട്ടോ

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി (IWT) പ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാൽ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാർ നിയമവിരുദ്ധമായാണ് ഇന്ത്യ നിർത്തിവച്ചതെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.

"ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: നീതിപൂർവ്വം വെള്ളം പങ്കിടുക. അല്ലെങ്കിൽ ആറ് നദികളും പിടിച്ചെടുത്ത് നമ്മൾ വെള്ളം എത്തിക്കും. നമ്മൾ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ വെള്ളത്തെ ആയുധമായി ഉപയോഗിച്ചാൽ നമ്മൾ പ്രതികരിക്കും"- സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ച് ബിലാവൽ ഭൂട്ടോ പറഞ്ഞു. വെള്ളം നൽകില്ലെന്ന ഭീഷണി യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.

1960ലെ ജലവിഭജന കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെ പ്രതികരണം. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഈ കരാർ മരവിപ്പിച്ചത്. അന്താരാഷ്ട്ര കരാറുകളോടുള്ള അവഗണന എന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും തീവ്രവാദത്തിനെതിരെ ഏകോപിച്ചുള്ള പ്രവർത്തനം ഇല്ലാതിരിക്കുകയും ചെയ്താൽ ഇരു രാജ്യങ്ങളിലും അക്രമം രൂക്ഷമാവുകയേയുള്ളൂവെന്ന് ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടു. ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങൾക്കായി തീവ്രവാദത്തെ ആയുധമാക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു, കൂടാതെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എ‌ടി‌എഫ്) മുന്നണിയിൽ പാകിസ്ഥാന്റെ നേട്ടങ്ങൾ തടയാൻ ഇന്ത്യ നയതന്ത്രപരമായി പ്രവർത്തിച്ചുവെന്നും ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തി. എഫ്‌എ‌ടി‌എഫ് ഗ്രേ ലിസ്റ്റിൽ നിന്ന് വൈറ്റ് ലിസ്റ്റിലേക്ക് പാകിസ്ഥാൻ വിജയകരമായി മാറിയ സമയത്ത്, തെറ്റായ വിവരങ്ങളും നയതന്ത്ര സമ്മർദ്ദവും ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിലേക്ക് വലിച്ചിടാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് ബിലാവൽ ഭൂട്ടോയുടെ ആരോപണം.

 

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു