
ബീജിങ്: ലൈവ് സ്ട്രീമിങ്ങിൽ ഏഴ് കുപ്പി മദ്യം കുടിച്ച ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. സിഎൻഎന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനീസ് സോഷ്യൽ മീഡിയയായ ഡൂയിനിൽ തത്സമയ സ്ട്രീമിങ്ങിനിടെയാണ് ഇയാൾ ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ഏഴ് കുപ്പി അരത്താക്കിയത്. ഇത്രയും മദ്യം കഴിച്ച് 12 മണിക്കൂറിനുള്ളിൽ ഇയാൾ മരിച്ചു.
മെയ് 16 ന്, പുലർച്ചെ ഒന്നിനാണ് സാൻകിയാങേ എന്നറിയപ്പെടുന്ന 34 കാരനായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ തത്സമയം മദ്യപാന ചലഞ്ച് നടത്തിയത്. ഷാങ് യു ന്യൂസ് റിപ്പോർട്ട് അനുസരിച്ച് 30% മുതൽ 60% വരെ ആൽക്കഹോൾ ഉള്ള ചൈനീസ് മദ്യമാണ് ബൈജിയു. കൂടുതൽ മദ്യപിക്കുന്നവർക്ക് കാഴ്ച്ചക്കാരിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കും. തോൽക്കുന്നവർക്ക് ശിക്ഷയും. വാശിമൂത്തതോടെ ഇയാൾ ഏഴ് കുപ്പി മദ്യം അകത്താക്കുകയായിരുന്നു. വീഡിയോയുടെ അവസാനഭാഗത്ത്, നാലാമത്തെ കുപ്പി കുടിക്കും മുമ്പ് മൂന്ന് കാലിക്കുപ്പികൾ തീർക്കുന്നത് ഞാൻ കണ്ടെന്ന് സുഹൃത്ത് പറഞ്ഞു.
ചാലഞ്ചിന് കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം മരിച്ചതായി കണ്ടെത്തി. അടിയന്തര ചികിത്സ നൽകാൻ പോലും അവസരം ലഭിച്ചില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. ബിബിസി റിപ്പോർട്ട് പ്രകാരം ചൈനീസ് സോഷ്യൽമീഡിയയിൽ തത്സമയ സ്ട്രീമിംഗ് സമയത്ത് മദ്യപാനം അനുവദനീയമല്ല. നേരത്തെയും മദ്യപിച്ച് ലൈവ് സ്ട്രീം നടത്തിയതിന് ഇയാളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. പുതിയ അക്കൗണ്ട് തുടങ്ങിയാണ് ചാലഞ്ചിൽ പങ്കെടുത്തത്. സമാനമായി മദ്യപാന ഗെയിമുകളിൽ പങ്കെടുത്ത് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നു.
Read More...വിവാഹപ്പിറ്റേന്ന് പുലർച്ചെ വീടിന് തീപിടിച്ചു; 19കാരിയായ നവവധുവിന് ദാരുണ മരണം