
ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ...ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്‍റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്‍ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam