
വാഷിംഗ്ടൺ: ഇറാനുമായി ചർച്ചകൾ നടക്കുന്നതിനിടെ ഇറാൻ ബന്ധമാരോപിച്ച് കമ്പനികൾക്കും വ്യക്തികൾക്കും മേൽ ഉപരോധം ചുമത്തി അമേരിക്ക. 2 വ്യക്തികൾ, 15 കമ്പനികൾ, 14 കപ്പലുകൾ എന്നിവയ്ക്കാണ് ഉപരോധം. ഇറാന് വേണ്ടി ഇന്ധനക്കടത്ത് നടത്തിയെന്നാരോപിച്ചാണ് നടപടി. ഇതിനിടെ പടക്കപ്പൽ വ്യൂഹത്തിലെ ഏബ്രഹാം ലിങ്കണുൾപ്പടെ കപ്പലുകളും പോർവിമാനങ്ങളും ഒന്നിച്ച് നീങ്ങുന്ന ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഹോർമൂസ് കടലിൽ ഇറാൻ തങ്ങളുടെ 40 അതിവേഗ ബോട്ടുകൾ വിന്യസിച്ചു. ഐ.ആർ.ജി.സിയെ ഉദ്ദരിച്ചാണ് ഈ റിപ്പോർട്ടുകൾ. ചർച്ചകൾക്കിടയിലും മാനസികാധിപത്യം വ്യക്തമാക്കുന്നതിനാണ് ഈ നീക്കങ്ങൾ.
കഴിഞ്ഞ ദിവസമാണ് മസ്ക്കറ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആദ്യ ദിന ചർച്ച അവസാനിച്ചത്. അമേരിക്കയുമായി ചർച്ച പോസിറ്റീവ് എന്നായിരുന്നു ഇറാന്റെ ആദ്യ പ്രതികരണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ ധാരണയിൽ എത്താനാകുമെന്നും ഇറാൻ വ്യക്തമാക്കി. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു. രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടാണ് ഇറാന്റേതെന്നാണ് ചർച്ചകൾക്ക് മുന്നേ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞത്. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധികൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam