ആണവക്കരാറിൽ നിന്ന് പിൻമാറി ഇറാൻ, ലോകം വീണ്ടുമൊരു മഹായുദ്ധത്തിലേക്കോ? ഭീതി

Web Desk   | Asianet News
Published : Jan 06, 2020, 12:46 AM IST
ആണവക്കരാറിൽ നിന്ന് പിൻമാറി ഇറാൻ, ലോകം വീണ്ടുമൊരു മഹായുദ്ധത്തിലേക്കോ? ഭീതി

Synopsis

അതേസമയം, ഇറാഖിൽ നിന്ന് യുഎസ്സിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാർലമെന്‍റ് പാസ്സാക്കിക്കഴിഞ്ഞു. വീണ്ടുമൊരു മഹായുദ്ധത്തിലേക്കോ ലോകം പോകുന്നതെന്ന ആശങ്കയാണ് ഉയരുന്നത്.

ടെഹ്‍റാൻ: 2015-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചതായി ഔദ്യോഗിക ടിവി ചാനൽ പ്രഖ്യാപിച്ചു. ഇറാന്‍റെ ഖുദ്‍സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നീക്കത്തിനുള്ള പ്രതികാരമായിട്ടാണിത്. 

ഒരു ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന കരാറിൽ നിന്ന് പിൻമാറുന്നതായി രാജ്യം പ്രഖ്യാപിക്കുന്നതിന് അർത്ഥം, അത്തരം ഒരു ആയുധം പ്രയോഗിക്കാൻ ഇറാൻ മടിക്കില്ലെന്ന് തന്നെയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കരുത്തനായ മേജർ ജനറലിനെ വധിക്കുക വഴി പശ്ചിമേഷ്യയിലെ സമാധാനം തകർക്കുകയാണ് അമേരിക്കയും പ്രസിഡന്‍റ് ട്രംപും ചെയ്തതെന്ന് കരുതുന്നവർ ഏറെയാണ്. ഇറാനിലെ ഷിയാ പുണ്യ നഗരമായ ക്വോമിലെ ജാംകരൺ പള്ളിയിൽ ചുവന്ന കൊടിയുയർത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം യുദ്ധം പോലുള്ള അടിയന്തരപ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് ഈ പള്ളിയിൽ ചുവന്ന കൊടിയുയർത്തുക. അനീതിയാൽ രക്തം വീണുവെന്നും, ഇതിന് പ്രതികാരം ചെയ്യണമെന്നും സൂചിപ്പിക്കാനാണ് ഇറാനിൽ ഇത്തരം കൊടിയുയർത്താറ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനിൽ ഉയർത്തപ്പെടുന്നത്.

കാസിം സൊലേമാനിയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം തന്നെ ചെയ്യുമെന്നാണ് ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് സൊലേമാനിയുടെ മൃതദേഹാവശിഷ്ടങ്ങൾക്ക് അകമ്പടിയായി ഇറാൻ നഗരമായ അഹ്‍വാസിൽ ഒഴുകിയെത്തിയത്. 

അമേരിക്കൻ സേനയെ പുറത്താക്കാൻ ഇറാഖ്

അതേസമയം, അമേരിക്കയ്ക്ക് എതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇറാന്‍റെ അയൽരാജ്യമായ ഇറാഖിന്‍റെ തീരുമാനം. രാജ്യത്ത് നിന്ന് അമേരിക്കൻ സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാർലമെന്‍റ് ഏകകണ്ഠേന പാസ്സാക്കി. വീണ്ടും ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റിന് ശക്തിയാർജിക്കാൻ വഴിയൊരുക്കുന്നതാണ് പാർലമെന്‍റിന്‍റെ നീക്കം. 

നാല് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കാനും നിർമാർജനം ചെയ്യാനും യുഎസ് സഖ്യസേനയുമായി ഇറാഖി സർക്കാർ ഒപ്പുവച്ച കരാർ അവസാനിപ്പിക്കാനും ഇറാഖി പാർലമെന്‍റ് തീരുമാനിച്ചു. ഇതോടെ, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷമുണ്ടാകാൻ വഴിയൊരുങ്ങുകയാണ്.

ഇറാനും അമേരിക്കയും തമ്മിലെന്ത്?

2016-ൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മുൻഗാമിയായ ബരാക് ഒബാമ കഷ്ടപ്പെട്ട് യാഥാർത്ഥ്യമാക്കിയ ഇറാനുമായുള്ള ആണവക്കരാർ ഏകപക്ഷീയമായി റദ്ദാക്കുകയാണ് ചെയ്തത്. പകരം, ഇറാന്‍റെ അയൽരാജ്യമായ ഇറാഖിൽ സൈനികവിന്യാസം കൂട്ടുക, ഉപരോധങ്ങൾ ഏർപ്പെടുത്തുക, ആക്രമണം നടത്തുക എന്നീ പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. 

പലപ്പോഴും, ഈ മേഖലയിലെ അമേരിക്കൻ - ഇറാനിയൻ സംഘർഷം കത്തിമുനയിലായിരുന്നു. പേർഷ്യൻ ഗൾഫിൽ ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. പലപ്പോഴും അമേരിക്ക ശക്തമായ രീതിയിൽ ഇറാനിൽ കയറി തിരിച്ചടിക്കുമെന്ന പ്രതീതി ഉണ്ടായി. ജൂണിൽ അവസാനനിമിൽമാണ്, ഇറാനിലേക്കുള്ള വ്യോമാക്രമണം ട്രംപ് വേണ്ടെന്ന് വച്ചത്.

അവസാനദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇറാഖിൽ ഒരു അമേരിക്കൻ കോൺട്രാക്റ്ററുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് ആക്രമണം, ഇറാന്‍റെ പിന്തുണയോടെ ഇറാഖി സേന ബാഗ്ദാദിനെ അമേരിക്കൻ എംബസിയിൽ നടത്തിയ ആക്രമണം, ഇപ്പോൾ കാസിം സൊലേമാനിയെ കൊന്ന് അമേരിക്ക നടത്തിയ തിരിച്ചടി - അമേരിക്കയുടെ അവസാനനീക്കം ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന സൂചനയാണ് വരുന്നത്.

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഉപയോഗിക്കുമ്പോൾ, ഡെമോക്രാറ്റുകൾ യുദ്ധം വന്നാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നു.

Read more at: 'സ്ഥിതി വഷളാക്കരുത്', അമേരിക്കയോടും ഇറാനോടും ഇന്ത്യ, കടുത്ത ആശങ്കയിൽ രാജ്യം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും