'സ്ഥിതി വഷളാക്കരുത്', അമേരിക്കയോടും ഇറാനോടും ഇന്ത്യ, കടുത്ത ആശങ്കയിൽ രാജ്യം

By Web TeamFirst Published Jan 5, 2020, 9:31 PM IST
Highlights

ഇറാനിലെ ഖുദ്‍സ് മിലിട്ടറി ഫോഴ്‍സിന്‍റെ തലവൻ കാസിം സൊലൈമാനിയെ വധിച്ചതിന് പിന്നാലെ അമേരിക്കയും ഇറാനും പരസ്പരം യുദ്ധകാഹളം മുഴക്കുമ്പോൾ, സ്ഥിതി വഷളാകരുതെന്ന് ഇന്ത്യ.

ദില്ലി/ടെഹ്‍റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ, മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാനസ്ഥിതി സംബന്ധിച്ച് ആശങ്ക അറിയിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ, ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും സംസാരിച്ചു. മേഖലയിൽ തുടരുന്ന സംഘർഷത്തിൽ സ്ഥിതി വഷളാവരുതെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. സ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് അമേരിക്കയോടും ഇന്ത്യ അറിയിച്ചു. 

Had a telephonic discussion with Secretary of State on the evolving situation in the Gulf region. Highlighted India's stakes and concerns.

— Dr. S. Jaishankar (@DrSJaishankar)

ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയോടും, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്യിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായും എസ് ജയ്‍ശങ്കർ സംസാരിച്ചു. 

ഞായറാഴ്ച പുലർച്ചെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മേജർ ജനറൽ കാസിം സൊലേമാനിയും മറ്റ് അ‍ഞ്ച് പ്രമുഖ ഇറാനിയൻ പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.

''ഇറാനിയൻ വിദേശകാര്യമന്ത്രി, ജാവേദ് സാരിഫുമായി സംസാരിച്ചു. ഈ മേഖലയിൽ കാര്യങ്ങൾ പരിധി വിടുകയാണെന്ന് ചൂണ്ടിക്കാട്ടി. സംഘ‍ർഷത്തിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. വീണ്ടും സംസാരിക്കാമെന്നുറപ്പ് നൽകിയാണ് ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചത്'', എസ് ജയ്‍ശങ്കർ ട്വീറ്റിൽ പറഞ്ഞു.

ലക്ഷക്കണക്കിന് പേരാണ് ഇറാനിലെ അഫ്‍വാസ് നഗരത്തിൽ മേജർ ജനറൽ സൊലേമാനിയുടെ മൃതദേഹവുമായി നടന്ന വിലാപയാത്രയിൽ പങ്കെടുത്തത്.  

ഇറാനും അമേരിക്കയും തമ്മിലെന്ത്?

2016-ൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മുൻഗാമിയായ ബരാക് ഒബാമ കഷ്ടപ്പെട്ട് യാഥാർത്ഥ്യമാക്കിയ ഇറാനുമായുള്ള ആണവക്കരാർ ഏകപക്ഷീയമായി റദ്ദാക്കുകയാണ് ചെയ്തത്. പകരം, ഇറാന്‍റെ അയൽരാജ്യമായ ഇറാഖിൽ സൈനികവിന്യാസം കൂട്ടുക, ഉപരോധങ്ങൾ ഏർപ്പെടുത്തുക, ആക്രമണം നടത്തുക എന്നീ പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. 

പലപ്പോഴും, ഈ മേഖലയിലെ അമേരിക്കൻ - ഇറാനിയൻ സംഘർഷം കത്തിമുനയിലായിരുന്നു. പേർഷ്യൻ ഗൾഫിൽ ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. പലപ്പോഴും അമേരിക്ക ശക്തമായ രീതിയിൽ ഇറാനിൽ കയറി തിരിച്ചടിക്കുമെന്ന പ്രതീതി ഉണ്ടായി. ജൂണിൽ അവസാനനിമിൽമാണ്, ഇറാനിലേക്കുള്ള വ്യോമാക്രമണം ട്രംപ് വേണ്ടെന്ന് വച്ചത്.

അവസാനദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇറാഖിൽ ഒരു അമേരിക്കൻ കോൺട്രാക്റ്ററുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് ആക്രമണം, ഇറാന്‍റെ പിന്തുണയോടെ ഇറാഖി സേന ബാഗ്ദാദിനെ അമേരിക്കൻ എംബസിയിൽ നടത്തിയ ആക്രമണം, ഇപ്പോൾ കാസിം സൊലേമാനിയെ കൊന്ന് അമേരിക്ക നടത്തിയ തിരിച്ചടി - അമേരിക്കയുടെ അവസാനനീക്കം ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന സൂചനയാണ് വരുന്നത്.

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഉപയോഗിക്കുമ്പോൾ, ഡെമോക്രാറ്റുകൾ യുദ്ധം വന്നാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നു.

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ഇന്ത്യൻ സാമ്പത്തിക ഘടന അതീവ ദുർബലമായിരിക്കുമ്പോഴാണ്, ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് പോകുന്നത്. ഈ സമയത്ത് ഒരു യുദ്ധവും പ്രതിസന്ധിയും ഇന്ത്യക്ക് താങ്ങാവുന്നതല്ല. ജിഡിപി കുത്തനെ താഴേക്ക് പോയ സ്ഥിതിയാണ്. ഈ കാലത്ത്, എണ്ണവില കുത്തനെ കൂടുന്നതോ, സ്വർണവില കുത്തനെ ഉയരുന്നതോ, മിഡിൽ ഈസ്റ്റിൽ നിന്നടക്കമുള്ള ഇന്ത്യക്കാരുടെ നിക്ഷേപമോ പണമൊഴുക്കോ കുറയുകയോ ചെയ്താൽ ഇന്ത്യ ശരിക്ക് കുരുക്കിലാകും.

എൺപത് ലക്ഷം ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ കഴിയുന്നത്. ഇവിടെ ഒരു യുദ്ധമുണ്ടായാൽ ഇത്രയധികം പേരുടെ സുരക്ഷ തുലാസ്സിലാകും എന്നതാണ് ആദ്യത്തെ ആശങ്ക. 1990-ലെ ഇറാഖ് യുദ്ധകാലത്ത് ഒരു ലക്ഷത്തിപ്പതിനായിരം പേരെയാണ് ഇന്ത്യക്ക് തിരികെ വിമാനങ്ങളിൽ കൊണ്ടുവരേണ്ടി വന്നത്. അതുപോലെ ഒരു സാഹചര്യമുണ്ടാകാതിരിക്കാനാണ് ഇന്ത്യ ജാഗ്രതയോടെ തുടരുന്നത്.

ഇനി യുദ്ധമുണ്ടായില്ലെങ്കിലും, കാലങ്ങളായി മേഖലയിൽ സംഘർഷം തുടർന്നാൽ ഇവിടത്തെ ഇന്ത്യക്കാരുടെ ജോലി തടസ്സപ്പെടും. സൗദി അടക്കമുള്ള രാജ്യങ്ങളിലെ സ്വദേശിവത്കരണം കൊണ്ടുള്ള ആഘാതത്തിൽ നിന്ന് ഇന്ത്യ ഇതുവരെ മോചിതയായിട്ടില്ല. ഇന്ത്യയിലേക്കുള്ള പൗരൻമാരുടെ നിക്ഷേപങ്ങളിൽ അമ്പത് ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. ഇത് മുഴുവൻ കയ്യിൽ നിന്ന് പോയാൽ, ഇന്ത്യ കുഴങ്ങും.

എണ്ണവിലയാണ് മറ്റൊന്ന്. സൊലേമാനിയെ കൊന്നതിന് പിന്നാലെ എണ്ണവില അന്താരാഷ്ട്രതലത്തിൽ കുതിച്ചുയർന്നത് നാല് ശതമാനമാണ്. ഇത് രാജ്യത്തെ പെട്രോൾ - ഡീസൽ വിലയെയും ബാധിക്കും.
 

click me!