ശ്രീലങ്കൻ തീരത്ത് കപ്പൽ മുക്കിയത് യുദ്ധക്കുറ്റം; അമേരിക്കയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ

Published : Mar 11, 2026, 08:13 AM IST
IRIS Dena

Synopsis

ശ്രീലങ്കൻ തീരത്തിനടുത്ത് വെച്ച് മാർച്ച് 4-ന് ഐറിസ് ഡെന എന്ന യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ. 

ടെഹ്റാൻ: ശ്രീലങ്കയിലെ ഗാലെ തീരത്തു നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വെച്ച് തങ്ങളുടെ ഐറിസ് ദേന എന്ന യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി മുക്കിയ സംഭവം 'യുദ്ധക്കുറ്റ'മാണെന്ന് ഇറാൻ. മാർച്ച് 4-ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജന്മനാട്ടിൽ നിന്ന് ഏറെ ദൂരെ മാർച്ച് 4-ന് വീരമൃത്യു വരിച്ച ഐറിസ് ദേന കപ്പലിലെ നാവികരെ ഞങ്ങൾ ആദരിക്കുന്നു. ഇന്ത്യൻ നാവിക സേനയുടെ ക്ഷണപ്രകാരം ഒരു സംയുക്ത നാവികാഭ്യാസത്തിനും തുറമുഖ സന്ദർശനത്തിനുമായി എത്തിയതായിരുന്നു ദേന. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തിനടുത്ത് വെച്ച് അമേരിക്ക നടത്തിയ ഈ ക്രൂരമായ ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. അതിലും മോശമായ കാര്യം, നാവികരുടെ രക്ഷാപ്രവർത്തനം അമേരിക്ക മനഃപൂർവം തടസ്സപ്പെടുത്തി എന്നതാണ്. ഈ നടപടി യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയം അനുസരിച്ച് ഒരു കടന്നാക്രമണം മാത്രമല്ല, ജനീവ കൺവെൻഷൻ II (1949), അഡീഷണൽ പ്രോട്ടോക്കോൾ I (1977) എന്നിവയുൾപ്പെടെയുള്ള യുദ്ധ നിയമങ്ങളുടെ ഗുരുതരമായ ലംഘനം കൂടിയാണ്. ഈ ഹീനമായ കുറ്റകൃത്യം ഇറാനിലെ ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.' ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു.

ട്വീറ്റ് കാണാം — Esmaeil Baqaei (@IRIMFA_SPOX) March 10, 2026

മാർച്ച് 4-ന് ശ്രീലങ്കയുടെ തെക്ക് ഗാലെ തീരത്തു നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ചാണ് അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ ഐറിസ് ദേന മുങ്ങിയത്. സംഭവത്തിന് പിന്നാലെ, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ഇന്ത്യൻ നാവികസേന ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് തുടങ്ങിയ കപ്പലുകളും പി-8ഐ പോലുള്ള നിരീക്ഷണ വിമാനങ്ങളും അയച്ചിരുന്നു. ഐറിസ് ദേനയിലുണ്ടായിരുന്ന ഏകദേശം 180 ജീവനക്കാരിൽ 87 നാവികർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കൻ നാവികസേന ഗാലെയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

നേരത്തെ, എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി, ഐറിസ് ദേനയുടെ ദുരന്തത്തിന് ശേഷം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞിരുന്നു. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ നാവിക കപ്പലായ ഐറിസ് ദേന ഉൾപ്പെട്ട ദുരന്തത്തെ തുടർന്ന്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ജീവനക്കാരുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു’. അംബാസഡർ പറഞ്ഞു.

പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ, എംബസികൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിക്കുന്നതിലേക്ക് വരെ സംഘർഷം വ്യാപിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്തുവിട്ടു; തകർത്തത് മൈനുകൾ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ്
ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രയേലും; അയവില്ലാതെ പശ്ചിമേഷ്യൻ സംഘർഷം, ടെഹ്റാനിൽ സ്ഫോടനങ്ങൾ