റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

റിയാദ്: ഒക്ടോബർ 10-ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തസമയത്തു മുതൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും, ഈ പ്രയാസകരമായ ഘട്ടത്തിലും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും എംബസി അറിയിച്ചു. പരേതന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വമായ അനുശോചനങ്ങൾ അറിയിച്ച എംബസി, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനോ ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യെമനിലെ ഹൂതി ഭീകരവിഭാഗം മക്ക ലക്ഷ്യമാക്കി അയച്ച ഡ്രോൺ സൗദി സഖ്യസേന വിജയകരമായി തകർത്തിരുന്നു. യെമനിലെ സംയുക്ത സേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. മക്ക മേഖലയെ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ വ്യോമപ്രതിരോധ സേന തക്ക സമയത്ത് കണ്ടെത്തി തകർക്കുകയായിരുന്നു

'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നു

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ തന്ത്രപ്രധാനമായ 'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്‌ലൈൻ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട എഞ്ചിനീയറിംഗ് ജോലികൾ ആരംഭിച്ചതായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമീൻ അൽ നാസർ അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും വിതരണ തടസ്സങ്ങളും കാരണം പൈപ്പ്‌ലൈൻ നിർമ്മാണത്തിനായി ചെലവായ മുഴുവൻ തുകയും കേവലം 15 ദിവസത്തെ പ്രവർത്തനം കൊണ്ട് കമ്പനിക്ക് തിരിച്ചുപിടിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പൈപ്പ്‌ലൈനിന് നേരെ ആക്രമണം ഉണ്ടായിയെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ എണ്ണ കയറ്റുമതി പൂർവ്വസ്ഥിതിയിലാക്കാൻ അരാംകോയ്ക്ക് കഴിഞ്ഞെന്ന് അൽ നാസർ പറഞ്ഞു. അറബിക്കടൽ/പേർഷ്യൻ ഉൾക്കടൽ തീരത്തുള്ള സ്വന്തം എണ്ണ ടെർമിനലുകൾ പരമാവധി പ്രയോജനപ്പെടുത്തിയും, കടലിൽ വെച്ച് ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും, ഉപഭോക്താക്കൾക്ക് എണ്ണ എത്തിക്കുന്ന വിതരണ മാർഗ്ഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയുമാണ് പ്രതിസന്ധിക്കിടയിലും ഉയർന്ന കയറ്റുമതി നിരക്ക് കമ്പനി നിലനിർത്തിയത്.