
ടെഹ്റാൻ: അലി ഖമനേയിക്കൊപ്പം ഇറാൻ ജനതയെ കണ്ണീരണിയിച്ച് അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും. അലി ഖമനേയിയുടെ ശവമഞ്ചത്തിനരികെയാണ് അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവമഞ്ചവും പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. ഇതിൽ ഖമനേയിയുടെ പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദിയുടെ ശവമഞ്ചവുമുണ്ട്. ഈ ചെറിയ ശവമഞ്ചത്തിനരികെ സ്ഥാപിച്ച കുഞ്ഞ് സഹ്റയുടെ ചിത്രവും ഏവരെയും കണ്ണീരണിയിച്ചു.
നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാംഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.
തങ്ങളുടെ പ്രിയനേതാവിന് യാത്രമൊഴിയേകാൻ ആയിരങ്ങളാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലും പരിസരത്തും എത്തിച്ചേർന്നിരിക്കുന്നത്. ശനിയാഴ്ച മുതലാണ് ഇവിടെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി പ്രവേശനം അനുവദിച്ച് തുടങ്ങിയത്. അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഏകദേശം 20 ദശലക്ഷം പേരെങ്കിലും ഇവിടെ എത്തിച്ചേരുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ഇതിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പൊട്ടിക്കരഞ്ഞാണ് പലരും അലി ഖമനേയിയുടെ ഭൗതികശരീരത്തിനരികെ എത്തിയിരുന്നത്. ഇതിനിടെ, 'അമേരിക്കയ്ക്ക് മരണം ' 'പ്രതികാരം വേണം, പ്രതികാരം വേണം ' തുടങ്ങിയ മുദ്രാവാക്യങ്ങളും പലരും മുഴക്കിയിരുന്നു.
ഗ്രാൻഡ് മൊസല്ലയിലെ പൊതുദർശനം പൂർത്തിയായാൽ ഇറാനിലെയും ഇറാഖിലെയും പുണ്യനഗരങ്ങളിലൂടെ വിലാപയാത്രയുണ്ടാകും. ജൂലായ് ഒൻപതിന് അലി ഖമനേയിയുടെ ജന്മനാടായ ഇറാനിലെ മഷാദിലാണ് കബറടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam