നീക്കം ശക്തമാക്കി ഇറാൻ; 'എല്ലാത്തിനും ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലും', നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎന്നിന് കത്ത്

Published : Jun 29, 2025, 08:31 PM IST
UNITED NATIONS

Synopsis

12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്‍റെ  ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാൻ. ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നൽകണമെന്നും യുഎൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ ഇറാൻ വ്യക്തമാക്കി. ക്രിമിനൽ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

12 ദിവസത്തെ സംഘര്‍ഷത്തിൽ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ തകര്‍ച്ചയുണ്ടായെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി വ്യക്തമാക്കിയത്. നാറ്റന്‍സ്, ഫോര്‍ദോ, ഇസ്ഫഹാൻ എന്നീ ഇറാനിലെ ആണവ കേന്ദ്രങ്ങളാണ് തകര്‍ത്തത്. 12 ദിവസത്തെ സംഘര്‍ഷത്തിൽ ഇറാനിൽ 606 പേര്‍ കൊല്ലപ്പെടുകയും 5332പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതോടൊപ്പം ഇറാനിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളതിന്‍റെ ഉത്തരവാദിത്വം ഈ രണ്ടു രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. 

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ക്രൂരവും നീചവുമായ കുറ്റകൃത്യം നടത്തിയതിന്‍റെ ഉത്തരവാദിത്വം ആക്രമിച്ചവര്‍ക്കാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ നിലപാട് എടുക്കണമെന്നും ക്രിമിനൽ നടപടിയെടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കിയ സൈനിക തലവൻമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും കത്തിൽ ഇറാൻ ചൂണ്ടികാട്ടി.

ജൂണ്‍ 13ന് ഇറാന്‍റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും മറ്റു സ്ഥലങ്ങളും ലക്ഷ്യമാക്കി ഇസ്രയേൽ മിസൈലാക്രമണം നടത്തിയതോടെയാണ് 12 ദിവസം നീണ്ടുനിന്ന ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാരംഭിച്ചത്. സംഘര്‍ഷത്തിനിടെയുണ്ടായ അമേരിക്കയുടെ ആക്രമണം കാര്യങ്ങള്‍ കൂടുതൽ വഷളാക്കിയിരുന്നു. 

ഇറാന്‍റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിലെ 29പേര്‍ കൊല്ലപ്പെടുകയും 3400ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24നാണ് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിര്‍ത്തലിന് ധാരണയായത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്