
ടെഹ്റാൻ: ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ ബഹ്റൈനിൽ ആക്രമണം നടത്തി ഇറാൻ. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈറ്റിലും ഇറാനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.
അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്‍റെ മറുപടി. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam