വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് പകരം, മകനെ തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനിസ്വേലയുടെ കാര്യത്തിൽ ചെയ്തതുപോലെ, ഖമനെയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കു വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് പറഞ്ഞു. ആക്സിയോസുമായുള്ള എട്ട് മിനിറ്റ് നീണ്ട സംഭാഷണത്തിൽ, ഖമനെയിയുടെ പിൻഗാമിയായി മൊജ്തബ ഖമനെയി അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യതയിൽ യുഎസ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാന്റെ നീക്കം അസ്വീകാര്യമാണെന്നും ഭാവിയിൽ ഇറാനെ നയിക്കാൻ മൊജ്തബക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
അവർ സമയം കളയുകയാണ്. ഖമേനിയുടെ മകൻ പൊള്ളയായ വ്യക്തിയാണ്. വെനിസ്വേലയിലേതുപോലെ, നിയമനത്തിൽ ഞാൻ പങ്കാളിയാകണമെന്നും ട്രംപ് പറഞ്ഞു. ഇറാനിയൻ ഭരണകൂടം ഇതുവരെ ആരെയും അടുത്ത പരമോന്നത നേതാവായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 56 കാരനായ മൊജ്തബ ഖമനെയി സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോർട്ട് ചെയ്തു. അത്തരമൊരു തീരുമാനം എടുത്താൽ തനിക്ക് അതിൽ മതിപ്പില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അലി ഖമേനിയുടെ നയങ്ങളും തത്വങ്ങളും തുടരുന്ന ഒരു നേതാവിനെ താൻ അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. മൊജ്തബ സ്ഥാനമേൽക്കുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയെ മറ്റൊരു യുദ്ധം ആരംഭിക്കാൻ നിർബന്ധിതമാക്കും.
വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടിയ ശേഷം, മരിയ കൊറിന മച്ചാഡോയെ വെനിസ്വേലയുടെ അടുത്ത പ്രസിഡന്റായി നിയമിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, ഡെൽസി റോഡ്രിഗസിനെ മഡുറോയുടെ പിൻഗാമിയായി യുഎസ് തെരഞ്ഞെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam