
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗൾഫ് മേഖലയിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നു. കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ മുതൽ വൻതോതിലുള്ള ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. 42 ഡ്രോണുകളും നാല് മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ ഊർജ്ജ-ജല നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനുപുറമെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഇറാൻ ആക്രമണം തുടർന്നു. 17 മിസൈലുകളും 35 ഡ്രോണുകളുമാണ് ഇന്ന് യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞത്.
വെടിനിർത്തൽ നിലവിൽ വന്നെങ്കിലും മേഖലയിൽ ഇപ്പോഴും ലംഘനങ്ങൾ തുടരുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആശങ്ക പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ചർച്ചകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി പാക് സൈനിക മേധാവി ജനറൽ അസീം മുനീറുമായി കൂടിക്കാഴ്ച നടത്തി. വെടിനിർത്തൽ വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനെക്കുറിച്ചും സമാധാന ചർച്ചകളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
സമാധാന നീക്കത്തിന്റെ നിർണ്ണായക ഘട്ടമായി അമേരിക്കയുടെയും ഇറാന്റെയും ഉന്നതതല സംഘങ്ങൾ നാളെ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തും. അമേരിക്കയ്ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിലെ സംഘർഷം പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള പത്ത് നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ചർച്ചയിൽ പ്രധാന വിഷയമാകും. നാളെ നടക്കാനിരിക്കുന്ന ഈ ചർച്ചകൾ പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam