'ഹൃദയാഘാതമുണ്ടായിട്ടും ചികില്‍സ നല്‍കിയില്ല,' ഇറാന്‍ ജയിലില്‍ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിയോട് ക്രൂരത!

Published : Apr 01, 2026, 02:57 PM IST
Narges Mohammadi

Synopsis

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും ഇറാനിലെ ഏറ്റവും പ്രമുഖയായ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിക്ക് ജയിലില്‍ ഹൃദയാഘാതമുണ്ടായിട്ടും വിദഗ്ധ ചികില്‍സ നിഷേധിച്ചതായി ഭര്‍ത്താവ്. 

തെഹ്‌റാന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും ഇറാനിലെ ഏറ്റവും പ്രമുഖയായ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിക്ക് ജയിലില്‍ ഹൃദയാഘാതമുണ്ടായിട്ടും വിദഗ്ധ ചികില്‍സ നിഷേധിച്ചതായി ഭര്‍ത്താവ്. നര്‍ഗീസിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഇറാനിയന്‍ അധികൃതര്‍ നിരസിച്ചതായും ഭര്‍ത്താവ് പറഞ്ഞു. നര്‍ഗീസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അവരുടെ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാര്‍ച്ച് 24-നാണ് സംഭവം. സിന്‍ജാന്‍ ജയിലില്‍ കഴിയുകയായിരുന്നു 53- കാരിയായ നര്‍ഗീസ് മുഹമ്മദി. സെല്ലില്‍വെച്ച് നര്‍ഗീസ് കുഴഞ്ഞുവീണ് ബോധരഹിതയാവുകയായിരുന്നു. ബോധം വീണ്ടെടുക്കാന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. ശരീരം തണുത്തുറഞ്ഞതിനെത്തുടര്‍ന്ന് സഹതടവുകാര്‍ പുതപ്പുകൊണ്ട് അവരെ പൊതിയുകയായിരുന്നു. അന്യായമായ തടങ്കലില്‍ പ്രതിഷേധിച്ച് ഈ ഫെബ്രുവരിയില്‍ അവര്‍ നിരാഹാര സമരം നടത്തിയിരുന്നു. ജയിലിലെ ക്ലിനിക്കില്‍ അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ അപകടത്തിലാണെന്ന് പാരീസില്‍ രണ്ട് മക്കള്‍ക്കൊപ്പം കഴിയുന്ന ഭര്‍ത്താവ് തഗി റഹ്മാനി ടെലിഫോണ്‍ അഭിമുഖത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അഭിഭാഷകന്‍ ജയിലിലെത്തി നര്‍ഗീസിനെ സന്ദര്‍ശിച്ച ശേഷമാണ് ഹൃദയാഘാത വിവരം കുടുംബം അറിയുന്നത്. യുദ്ധസാഹചര്യങ്ങളും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്കുള്ള വിലക്കും കാരണം ആഴ്ചകളോളം നര്‍ഗീസുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ല. ഭരണകൂടത്തെ പിന്തുണയ്ക്കുന്ന തടവുകാരില്‍ നിന്ന് അവരുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് തഗി റഹ്മാനി പറഞ്ഞു.

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി ഇറാനിനകത്തുനിന്ന് പതിറ്റാണ്ടുകളായി പോരാടുന്ന നര്‍ഗീസ് ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലുകളിലാണ് കഴിഞ്ഞത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാരോപിച്ച് 10 വര്‍ഷത്തെ തടവുശിക്ഷയാണ് അവര്‍ക്ക് ഒടുവില്‍ ലഭിച്ചത്. 2023-ല്‍ ജയിലില്‍ കഴിയുമ്പോഴാണ് നര്‍ഗീസിന് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചത്. 'ഇറാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് എതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയതെന്ന് നൊബേല്‍ കമ്മിറ്റി അന്ന് വ്യക്തമാക്കിയിരുന്നു.

2024 ഡിസംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടര്‍ന്ന് തെഹറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ നിന്ന് നര്‍ഗീസിന് താല്‍ക്കാലിക ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍, ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെ മഷാദ് നഗരത്തില്‍ വെച്ച് അവര്‍ വീണ്ടും അറസ്റ്റിലായി. അന്ന് തെരുവില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് ഒരു കാറിന്റെ മുകളില്‍ കയറി നിന്ന് അവര്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഞങ്ങളുടെ സഖാക്കളുടെ രക്തം സാക്ഷി, ഞങ്ങള്‍ അവസാനം വരെ നിലകൊള്ളും' എന്നാണ് നര്‍ഗീസ് അന്ന് പ്രസംഗിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ
ഇറാൻ യുദ്ധം: അമേരിക്കൻ ജനതയുടെ അപ്രതീക്ഷിത വിധിയെഴുത്ത്; മൂന്നിൽ രണ്ട് പേരും യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിൽ!