
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മൂന്നിൽ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 66 ശതമാനം ആളുകളും ഇറാനെതിരായ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കണം എന്ന പക്ഷക്കാരാണ്. 27 ശതമാനം പേർ മാത്രമാണ് ലക്ഷ്യങ്ങൾ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ടവരിൽ 40 ശതമാനം പേരും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. 57 ശതമാനം റിപ്പബ്ലിക്കൻ അനുയായികൾ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ യുദ്ധം തുടരണം എന്ന് വിശ്വസിക്കുന്നു.
ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളെ 60 ശതമാനം അമേരിക്കക്കാരും എതിർക്കുന്നു. 35 ശതമാനം പേർ മാത്രമാണ് ഇതിനെ അനുകൂലിക്കുന്നത്. യുദ്ധം മൂലം ഇന്ധനവിലയും പണപ്പെരുപ്പവും കുത്തനെ ഉയരുന്നത് അമേരിക്കൻ ജനതയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ പെട്രോൾ വില ഗാലന് 4 ഡോളറിന് മുകളിൽ എത്തിയത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്‌തിക്ക് കാരണമായി. യുദ്ധം തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും ഭയപ്പെടുന്നു. ഒരു മാസം പിന്നിട്ട ഈ യുദ്ധം പശ്ചിമേഷ്യയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ആഗോള സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ തന്നെ പിന്മാറുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam