അമേരിക്കയുടെ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; 'ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചതാണ്, വലിയ നാശനഷ്ടമില്ല'

Published : Jun 22, 2025, 07:09 AM IST
Fordow nuclear facility

Synopsis

മൂന്ന് ആണവോർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഫോർദോ ആണവ നിലയം അവസാനിച്ചതായി ട്രംപ് അവകാശപ്പെട്ടു. ആക്രമണം വിജയകരമെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

ടെഹ്റാൻ: മൂന്ന് ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം. ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ മൂന്ന് കേന്ദ്രങ്ങളിലും ഇല്ലെന്നാണ് ഇറാൻ ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തത്. അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം.

അതേസമയം ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 7.30 ന് ട്രംപ് യുഎസ് ജനതയെ അഭിസംബോധന ചെയ്യും. ബിടു ബോംബറുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.

ഫോർദോ ആണവ കേന്ദ്രത്തിന്‍റെ ഒരു ഭാഗത്തിന് നേരെ ശത്രുക്കളുടെ ആക്രമണമുണ്ടായെന്നാണ് ഖോമിലെ പ്രൊവിൻഷ്യൽ ക്രൈസിസ് മാനേജ്‌മെന്റ് ആസ്ഥാനത്തിന്റെ വക്താവ് മൊർട്ടെസ ഹെയ്ദാരിയെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ പങ്കാളികളാകണമോ എന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കും എന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.

അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- 'സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ'ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്.

 

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം