
ടെഹ്റാൻ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാൻ. വെടിനിർത്തൽ ധാരണയ്ക്ക് പിറകെ ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ആക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി നിർദേശം നൽകുകയും ചെയ്തു. അതേസമയം, ഇറാൻ മിസൈൽ അയച്ചതിനു തെളിവില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ ഇന്നലെ ആക്രമിച്ച ഇവിൻ തടവറയിൽ നിന്നുള്ള തടവുകാരെ ജയിൽ മാറ്റിയെന്നും ഇറാൻ മാധ്യമങ്ങൾ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ ഭീതി ഒഴിയുകയാണ്. പൂർവസ്ഥിതിയിൽ സർവീസ് തുടങ്ങി എന്ന് ഒമാൻ എയർ അറിയിച്ചു. ചെറിയ വൈകലുകൾ മാത്രമാണ് നേരിടുന്നത്. യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും ഒമാൻ എയർ അറിയിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനാണ് നിലവിൽ അന്ത്യമായത്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി അറിയാൻ സാധിച്ചതായാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ട്രംപ് ഇറാൻ - ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടര്‍ന്നിരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു. ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam