അല്‍ഖ്വയ്ദ നേതാവിനെ ടെഹ്‌റാനില്‍വെച്ച് ഇസ്രായേല്‍ വധിച്ചെന്ന് അമേരിക്കന്‍ മാധ്യമം; നിഷേധിച്ച് ഇറാന്‍

By Web TeamFirst Published Nov 14, 2020, 10:25 PM IST
Highlights

രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്‍കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന്‍ ആരോപിച്ചു. 

വാഷിങ്ടണ്‍: അല്‍ഖ്വയ്ദയിലെ രണ്ടാമത്തെ നേതാവിനെ ഇറാനിലെ ടെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വാര്‍ത്ത നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. യുഎസിന്റെ അിറിവോടെയാണ് അബു മുഹമ്മദ് അല്‍ മസ്‌റി എന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ടെഹ്‌റാനിലെ പസ്ദാരന്‍ മേഖലയില്‍വെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മസ്‌റിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഓഗസ്റ്റ് ഏഴിനാണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അല്‍ ഖ്വയ്ദയുടെ നേതാവായ അയ്മാന്‍ അല്‍ സവാഹിരിക്ക് ശേഷം സംഘടനയുടെ നേതൃസ്ഥാനമേറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച നേതാവാണ് മസ്‌റി. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തിരയുന്നയാളാണ് മസ്‌റി.

ഇയാളുടെ കൊലപാതകത്തില്‍ യുഎസിന് പങ്കുണ്ടോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതേസമയം, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്‍കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന്‍ ആരോപിച്ചു.
 

click me!