രാജ്യതലസ്ഥാനത്ത് പ്രിയപ്പെട്ട നായയുടെ സ്വര്‍ണപ്രതിമ സ്ഥാപിച്ച് തുർക്കിമെനിസ്താന്‍ പ്രസിഡന്‍റ്

Web Desk   | others
Published : Nov 14, 2020, 10:38 AM IST
രാജ്യതലസ്ഥാനത്ത് പ്രിയപ്പെട്ട നായയുടെ സ്വര്‍ണപ്രതിമ സ്ഥാപിച്ച് തുർക്കിമെനിസ്താന്‍ പ്രസിഡന്‍റ്

Synopsis

വിചിത്രമായ കാര്യങ്ങളുടെ പേരില്‍ ഏറെ പ്രശസ്തമാണ് തുർക്കിമെനിസ്താന്‍. കൊറോണയെ തോല്‍പ്പിക്കാന്‍ കൊറോണ എന്ന വാക്ക് പോലും നിരോധിച്ച രാജ്യമായ ഇവിടെ അടുത്തിടെയാണ് പ്രസിഡന്‍റ് പ്രിയപ്പെട്ട നായയുടെ സ്വര്‍ണപ്രതിമ രാജ്യതലസ്ഥാനത്ത് സ്ഥാപിച്ചത്

രാജ്യ തലസ്ഥാനത്ത് സ്വര്‍ണത്തില്‍ തീര്‍ത്ത നായയുടെ പ്രതിമ സ്ഥാപിച്ച് തുർക്കിമെനിസ്താന്‍ പ്രസിഡന്‍റ് ഗര്‍ബാംഗുലി ബെര്‍ഡിമുക്ഹാമേഡോവ്. തന്‍റെ പ്രിയപ്പെട്ട നായയുടെ പൂര്‍ണകായ പ്രതിമയാണ് തുർക്കിമെനിസ്താന്‍ തലസ്ഥാനമായ അഷ്ഗാബട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് തുർക്കിമെനിസ്താന്‍. 19 അടി ഉയരമുള്ള പ്രതിമ വന്‍ ബഹുമതികളോടെയാണ് സ്ഥാപിച്ചത്. ചൊവ്വാഴ്ചയാണ് പ്രതിമ സ്ഥാപിക്കല്‍ ചടങ്ങ് നടന്നത്. ഈയിനെ നായയുടെ പ്രത്യേകത വിവരിക്കുന്ന വീഡിയോ ദൃശ്യമാകുന്ന എല്‍ഇഡി സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. 

കാവല്‍ നായകളുടെ ഇനത്തില്‍ ഏറെ പ്രശസ്തമായ അലബേയ് നായയുടെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏറെ പ്രശസ്തമായ തുര്‍ക്കമെന്‍ ബ്രീഡ് കൂടിയാണ് അലബേയ്. ഇത് ആദ്യമായല്ല ഈയിനം കാവല്‍ നായയ്ക്ക് തുർക്കിമെനിസ്താനില്‍ ആദരം ലഭിക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട്. മധ്യേഷ്യയിലെ ചെറിയ രാജ്യമാണെങ്കില്‍ വിചിത്രമായ നടപടികളുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള രാജ്യമാണ് തുർക്കിമെനിസ്താന്‍. ലോകത്തിലെ തന്നെ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെട്ട രീതിയിലുള്ള ഭരണവും പ്രസിഡന്‍റിന്‍റെ വിചിത്രമായ നടപടികളുമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റ് മരിച്ചതായി ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാന്‍ ഓദ്യോഗിക ടെലിവിഷനില്‍ നരക കവാടം എന്ന് പേരുകേട്ട കാരകും മരുഭൂമിയിലെ ഗര്‍ത്തത്തിന് ചുറ്റും റാലി കാര്‍ ഓടിച്ച ഗര്‍ബാംഗുലി ബെര്‍ഡിമുക്ഹാമേഡോവ് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. 

ഒരു വര്‍ഷം ഏറ്റവും കുറഞ്ഞ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യം കൂടിയാണ് ഇത്. ഒരു വര്‍ഷം ഇവിടെയെത്തുന്ന ശരാശരി സഞ്ചാരികളുടെ എണ്ണം ആയിരം പേര്‍ മാത്രമാണ്. വെള്ള മാര്‍ബിളുകള്‍ മാത്രം ഉപയോഗിച്ചാണ് രാജ്യ തലസ്ഥാനത്തെ കെട്ടിടങ്ങള്‍ അലങ്കരിച്ചിട്ടുള്ളത് അതിനാല്‍ തന്നെ മരിച്ചവരുടെ നഗരം എന്നാണ് അഷ്ഗാബട്ട് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയില്‍ കറുത്ത കാറുകള്‍ക്ക് പ്രവേശനമില്ല. മുന്‍ ഏകാധിപതിയാണ് തുർക്കിമെനിസ്താന്‍ തലസ്ഥാനത്ത് കറുത്ത കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുകൊണ്ട് തന്നെ അഷ്ഗാബട്ട് അതിര്‍ത്തികളില്‍ നിരവധി കാര്‍ ക്ലീനിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. വിചിത്രമായ രീതിയിലുള്ള റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനും തുർക്കിമെനിസ്താന്‍ മുന്നിലാണുള്ളത്. പൊതു സ്ഥലങ്ങളിലെ ഏറ്റവുമധികം ജലധാരകളും, മാര്‍ബിള്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതികളും ഇന്‍ഡോര്‍ ജയന്‍റ് വീലുമെല്ലാം തുർക്കിമെനിസ്താനില്‍ റെക്കോഡ് നേടിയവയാണ്. 

നായകള്‍ക്ക് പുറമേ കുതിരകള്‍ക്കും ഏറെ പ്രാധാന്യമുള്ള രാജ്യമാണ് തുർക്കിമെനിസ്താന്‍. എന്നാല്‍ എല്ലാ കുതിരകള്‍ക്കും അല്ല അഖല്‍ ടേക്ക് എന്ന പ്രത്യേകയിനെ കുതിരയ്ക്കാണ് വലിയ പ്രാധാന്യമുള്ളത്. ഈ കുതിരയുടെ പേരുമാറ്റുന്നത് പോലും ഇവിടെ നിയമ വിരുദ്ധമാണ്. ലോക്കൊമൊട്ടാകെ ഭീതി പരത്തുന്ന കൊറോണ വൈറസിനെ തടുക്കാൻ കൊറോണ വാക്കിനെ തന്നെ നിരോധിച്ച രാജ്യം കൂടിയാണ് തുർക്കിമെനിസ്താന്‍. കൊറോണ സംബന്ധിച്ച ഒരു വിവരവും ഇവിടെ പ്രസിദ്ധീകരിക്കാനോ അനുമതിയില്ല. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഉത്തര കൊറിയയേക്കാളും പിന്നിലാണ് തുർക്കിമെനിസ്താന്‍റെ സ്ഥാനമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ