യുഎഇയിൽ മിസൈൽ-ഡ്രോൺ ഭീഷണി തുടരുന്നു, ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ആക്രമണം

Published : Apr 06, 2026, 01:20 PM IST
missile debris

Synopsis

ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു. 

ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.

അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു.

അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രം​ഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ 'ഫോറിന്‍ അഫയേഴ്‌സില്‍' എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ അന്ത്യശാസനത്തിന് ഇറാന്‍റെ മറുപടി; 'ഭീഷണിയൊന്നും പുത്തരിയല്ല, 47 വർഷമായി യുഎസിന് ഇറാനെതിരെ ഒന്നും ചെയ്യാനായിട്ടില്ല'
24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു