
റിയാദ്: 24 മണിക്കൂർ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇന്ന് (ഞായറാഴ്ച) ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.
രാജ്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ തടയുന്നതിൽ സൗദി വ്യോമപ്രതിരോധ സേനയും എയർഫോഴ്സും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ശത്രുതാപരമായ നീക്കങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളാണ് സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.
ഇതിന് പുറമെ 72 ബാലിസ്റ്റിക് മിസൈലുകളും, കഴിഞ്ഞ മണിക്കൂറിൽ തകർത്തത് ഉൾപ്പെടെ ആകെ ഒമ്പത് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. ഇതുവരെ നടന്ന ആക്രമണശ്രമങ്ങളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഇത്തരം ഭീഷണികളെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും രാജ്യത്തിന്റെ സുരക്ഷ സുശക്തമാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam