
ഇറാനിൽ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷ സേന വീണ്ടും വെടിയുതിർത്തു. പടിഞ്ഞാറൻ നഗരമായ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രതിപക്ഷ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സർക്കാർ ഓഫീസ് ആക്രമിച്ചുവെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
മറ്റൊരു പടിഞ്ഞാറൻ നഗരമായ ഖൊറാമ്മാബാദിലെ ശ്മശാനത്തിനടുത്ത് നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അന്ന് മുതൽ ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 250ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രക്ഷോഭങ്ങളിൽ ഇതുവരെ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ടയനുസരിച്ചുള്ള സമരമാണ് നടക്കുന്നതെന്ന വാദമാണ് ഇറാൻ ഭരണകൂടം തുടക്കം മുതൽ ഉയർത്തുന്നത്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. റഷ്യക്ക് ആയുധം വിറ്റതിന്റെ പേരിൽ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ഇറാനില്‍ നടന്ന പ്രതിഷേധങ്ങളെ സേന അടിച്ചമര്‍ത്തിയതില്‍ കുറഞ്ഞത് 23 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam