'അമേരിക്കയുമായി ആണവ ചർച്ച തീരുമാനിച്ചിട്ടില്ല'; ട്രംപിന്‍റെ പ്രഖ്യാപനം തള്ളി ഇറാൻ

Published : Jun 27, 2025, 11:48 AM IST
Iran's Foreign Minister Seyed Abbas Araghchi. (Photo/X@araghchi)

Synopsis

യുഎസ് - ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്

ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ച നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് - ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്‍റെ ആണവായുധ ശേഷി പരിമിതപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസിന്‍റയും ഇസ്രയേലിന്‍റെയും വാദം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും ജനോപകാരത്തിനായാണ് ഉപയോഗിക്കുന്നതെന്നാണ് ഇറാന്‍റെ വാദം. ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമായെന്ന് അറാഗ്ചി സമ്മതിച്ചു. നിലവിൽ ആണവ പദ്ധതികളുടെ അവസ്ഥ സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസും ഇറാനും അടുത്ത ആഴ്ച ആണവ പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിലാണ് ട്രംപ് പറഞ്ഞത്. എന്നാൽ നിലവിൽ ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാനും ഖത്തറുമായി ആശവിനിമയം നടത്തുകയാണെന്നും കൂടിക്കാഴ്ചയുണ്ടെങ്കിൽ അറിയിക്കുമെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളിലെ ആക്രമണങ്ങൾക്ക് ശേഷം, ഇറാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് സജീവമായി ശ്രമിക്കുന്നുണ്ട്. ഇറാനുമായി കരാർ ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്.

അതിനിടെ സംഘർഷ കാലത്ത് തങ്ങളെ സഹായിക്കാത്തതിന്‍റെ പേരിൽ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാൻ പാർലമെന്‍റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാർഡിയൻ കൗൺസിൽ കൂടി അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കൽ യാഥാർത്ഥ്യമാകുമായാണ്. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.

സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനിൽ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും ഇറാൻ തീരുമാനിച്ചതായാണ് വിവരം. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുമ്പാണ് ഐ എ ഇ എയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് ശുപാർശയും നൽകി. ഈ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലും തീരുമാനം ശരിവച്ചത്. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ വൈകാതെ തന്നെ ഇത് നിയമമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എപ്സ്റ്റീൻ ഫയൽസ്; നീതി അന്യമാകുന്ന ഇരകൾ, ഒന്നുമറിഞ്ഞിരുന്നില്ലെന്ന് വേട്ടക്കാരും
കുവൈത്തിൽ വൻ മദ്യക്കടത്ത്, ഫ്രാൻസിൽ നിന്ന് വന്ന 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി