'റഷ്യൻ എണ്ണ ഒന്നു വാങ്ങാമോ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുന്നു, ദയനീയം': അമേരിക്കയെ പരിഹസിച്ച് ഇറാൻ

Published : Mar 14, 2026, 11:13 AM IST
Araghchi Trump

Synopsis

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാസങ്ങളോളം ശ്രമിച്ച അമേരിക്ക, ഇറാനുമായുള്ള സംഘര്‍ഷം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചതോടെ നിലപാട് മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്റാൻ: റഷ്യൻ എണ്ണ വാങ്ങൂ എന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് അമേരിക്കയെ പരിഹസിച്ച് രംഗത്തെത്തിയത്. ഒരിക്കൽ വിലക്കാൻ ശ്രമിച്ച അതേ റഷ്യൻ എണ്ണ വാങ്ങാനാണ് ഇപ്പോൾ അമേരിക്ക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാസങ്ങളോളം ചെലവിട്ട അമേരിക്ക, ഇറാനുമായുള്ള സംഘര്‍ഷം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചതോടെ നിലപാട് മാറ്റി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് മറ്റു രാജ്യങ്ങളെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടി.

"റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാൻ ഇന്ത്യയെ സമ്മർദത്തിലാക്കാൻ അമേരിക്ക മാസങ്ങൾ ചെലവഴിച്ചു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിനുശേഷം, വൈറ്റ് ഹൗസ് ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ യാചിക്കുകയാണ്"- അബ്ബാസ് അരഗ്ചി പറഞ്ഞു. റഷ്യയ്‌ക്കെതിരെ അമേരിക്കൻ പിന്തുണ നേടാൻ യൂറോപ്യൻ സർക്കാരുകൾ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുകയാണെന്നും അരഗ്ചി ആരോപിച്ചു. എണ്ണ വിലയിലെ വർദ്ധനവ് റഷ്യയുടെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടാക്കുന്നുവെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവച്ചു.

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരത ഒഴിവാക്കാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചത് മാർച്ച് 12 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാം എന്നാണ്. ഏപ്രിൽ 11 വരെയാണ് ഇളവ് എന്നും യുഎസ് വ്യക്തമാക്കി.

അതിനിടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. രണ്ട് എൽപിജി വാഹിനിക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. തന്ത്രപ്രധാനമായ ജലപാതയിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. കാരണം ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാഗ്‌ദാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ അനുകൂല സായുധ സംഘം; തിരിച്ചടിക്കുമെന്ന് അമേരിക്കയുടെ ഭീഷണി
ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തെന്ന് അമേരിക്ക