പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി

Published : Jun 14, 2025, 07:11 AM ISTUpdated : Jun 14, 2025, 08:09 AM IST
Iran Israel conflict

Synopsis

ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തൽ.

ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തൽ. സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ട്. 60 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ 40 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റു. ജറുസലേമിൽ ഉഗ്ര സ്ഫോടനം ഉണ്ടായി. ഇറാന്റെ ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും അടങ്ങുന്ന ഉന്നത നിരയെ കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി ആയാണ് ഇറാന്റെ ആക്രമണം.

അതിനിടെ ഇറാനിൽ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിൽ സ്ഫോടനശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ നറ്റാൻസ് ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ഇസ്രയേൽ തകർത്തു. അറുപത് ശതമാനം വരെ യുറേനിയം സമ്പുഷ്‌ടീകരിക്കാൻ ശേഷിയുള്ള ഭാഗമാണ് ഇത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോയിലും ഇസ്ഫഹാനിലും ഇസ്രായേലിന്റെ ആക്രമണം നടന്നതായി അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞു. ആണവ കേന്ദ്രത്തിലെ വൈദ്യുതി, ജനറേറ്റർ സംവിധാനങ്ങളും ഇസ്രയേൽ തകർത്തുവെന്ന് അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി അറിയിക്കുന്നു.

ഇറാനിലേക്ക് കൂടുതൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിൽ 78 പേർ മരിച്ചെന്നാണ് ഇറാൻ അറിയിക്കുന്നത്. 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ പറയുന്നു. അതേസമയം, ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് പറഞ്ഞു. എന്നാൽ ഇറാൻ പരിധികൾ ലംഘിച്ചു എന്നായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മറുപടി. സ്ഥിതി രൂക്ഷമായതിന് പിന്നാലെ അറബ് രാഷ്ട്രത്തലവൻമാരുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. യുഎൻ സുരക്ഷ കൗൺസിലും ചേർന്നു.

PREV
Read more Articles on
click me!

Recommended Stories

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'