എല്ലാത്തിനും തുടക്കമിട്ട ഒരു വ്യോമാക്രമണം, ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നമിതാണ്...

By Web TeamFirst Published Apr 14, 2024, 8:17 AM IST
Highlights

എന്താണ് യഥാർത്ഥത്തിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നം? എല്ലാറ്റിന്റെയും തുടക്കം ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു.

മ്മിൽ ഒരതിർത്തിയും പങ്കിടാത്ത രണ്ട് രാജ്യങ്ങളാണ്, ഇറാനും ഇസ്രയേലും. രണ്ടായിരം കിലോമീറ്ററിൽ അധികം വ്യോമദൂരമുള്ള രണ്ടിടങ്ങൾ. സത്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഒരു പ്രകോപനത്തിനും സാധ്യത ഇല്ലാത്തതാണ്. പിന്നെ എങ്ങനെയാണ് യുദ്ധ ഭീതിയിലേക്ക് എത്തിയിലേക്ക് കാര്യങ്ങള്‍ എത്തിയത്? എന്താണ് യഥാർത്ഥത്തിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്നം? എല്ലാറ്റിന്റെയും തുടക്കം ഒരു വ്യോമാക്രമണത്തിലൂടെയായിരുന്നു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ വ്യോമാക്രമണം നടക്കുന്നു. പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. മിന്നലാക്രമണത്തിൽ ഐ ആർ ജി സി യുടെ ഖുദ്സ് കമാണ്ടർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടു. "ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം" എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാം‌നഇയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രിൽ പത്താം തീയതി ഇതേ ഭീഷണി ഖാം‌നഇ ആവർത്തിച്ചപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ, "അടിക്ക് അടി" എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.

പിന്നെ തുടർച്ചയായ ഭീഷണികൾ പല കേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനിടെ ഇന്നലെ ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തു. അതിന് പിന്നാലെ, ഇസ്രായേലിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ചുരുക്കത്തിൽ മധ്യപൂർവേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. യുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു. ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേർക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും അവസാനിക്കുക തുറന്ന പോരിലേക്കാവും. അങ്ങനെ ഒന്നുണ്ടായാൽ, ഇറാന്റെ അയൽരാജ്യങ്ങളും അമേരിക്കയടക്കമുള്ള ലോകശക്തികളും, അതിൽ പക്ഷം ചേരാനും, മധ്യപൂർവേഷ്യ കുറേക്കൂടി വലിയൊരു യുദ്ധത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ, ഇറാൻ നടത്തുന്ന പ്രോക്സി യുദ്ധങ്ങൾ മുതൽ അമേരിക്കയ്ക്ക് മധ്യപൂർവേഷ്യയിലുള്ള സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ വരെ നീളുന്നതാണ് എന്നതുകൊണ്ട്, മേഖലയിൽ സമാധാനം പുലരാൻ ആത്മാർത്ഥമായ നയതന്ത്ര പരിശ്രമങ്ങൾ തന്നെ വേണ്ടി വന്നേക്കും.

click me!