കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നങ്ങളെ കവർന്നെടുക്കുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വാൻസിന്‍റെ ഭാര്യ ഉഷ ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളയാളാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി. 

വാഷിങ്ടണ്‍: കുടിയേറ്റക്കാരെ അധിക്ഷേപിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന് രൂക്ഷവിമർശനം. 'കൂട്ടമായുള്ള കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നങ്ങളെ കവർന്നെടുക്കുന്നു' എന്നാണ് ജെ ഡി വാൻസ് പറഞ്ഞത്. പിന്നാലെ 'താങ്കളുടെ ഭാര്യ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള ഇന്ത്യക്കാരിയല്ലേ' എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു.

കുടിയേറ്റക്കാർ അമേരിക്കക്കാരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നാണ് ജെ ഡി വാൻസിന്‍റെ ആരോപണം. മറിച്ചുള്ള റിപ്പോർട്ടുകൾ പെയ്ഡ് ആണെന്നും ജെ ഡി വാൻസ് സാമൂഹിക മാധ്യമമായ എക്സിൽ ആരോപിച്ചു. ജെ ഡി വാൻസിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തിന്‍റെ കുടുംബത്തിലേക്ക് വിരൽചൂണ്ടിയുള്ള നിരവധി കമന്‍റുകൾ വന്നു. ഇന്ത്യൻ വംശജരുടെ മകളായ ഉഷയെയാണ് ജെ ഡി വാൻസ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.

"ഒരു നിമിഷം, നിങ്ങളുടെ ഭാര്യ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള ഇന്ത്യക്കാരിയല്ലേ?", "അതായത് നിങ്ങൾ ഉഷയെയും മക്കളെയും കുടുംബത്തെയും ഇന്ത്യയിലേക്ക് തിരിച്ചയക്കണം. വിമാന ടിക്കറ്റ് എുക്കുമ്പോൾ ഞങ്ങളെ അറിയിക്കണം. നിങ്ങൾ മാതൃകയായി മുന്നിൽ നിന്ന് നയിക്കണം", "നിങ്ങളുടെ ഭാര്യയും കുട്ടികളും അമേരിക്കക്കാരുടെ സ്വപ്നങ്ങൾ അപഹരിക്കുകയാണ്", "നിങ്ങൾ ഭാര്യയുടെ ബന്ധുക്കളെ വെറുക്കുന്നത് എനിക്ക് മനസ്സിലാകും, പക്ഷേ ഇതൊരു അതിരുകടന്ന പ്രതികരണമല്ലേ?"- എന്നെല്ലാമാണ് പോസ്റ്റിന് താഴെയുള്ള കമന്‍റുകൾ.

Scroll to load tweet…

വിവാദമായി ഭാര്യയുടെ വിശ്വാസത്തെ കുറിച്ചുള്ള പരാമർശം

"വംശം, ഭാഷ അല്ലെങ്കിൽ തൊലിയുടെ നിറം- ഇതെല്ലാം സമാനമായ അയൽക്കാരെ അമേരിക്കക്കാർ ഇഷ്ടപ്പെടുന്നത് തികച്ചും ന്യായവും സ്വീകാര്യവുമാണെന്ന്" വാൻസ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. മിസിസിപ്പി സർവകലാശാലയിൽ നടന്ന പരിപാടിയിൽ ജെ ഡി വാൻസ് ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് നടത്തിയ പരാമർശവും വിവാദമായിരുന്നു. താൻ ക്രിസ്തുമത വിശ്വാസിയാണ്. മിക്ക ഞായറാഴ്ചകളിലും ഭാര്യ ഉഷ തന്‍റെ കൂടെ പള്ളിയിൽ വരാറുണ്ട്. ഹിന്ദുവായ ഭാര്യ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് താൻ ആ​ഗ്രഹിക്കുന്നുവെന്നും കുട്ടികളെ ക്രിസ്ത്യാനികളായാണ് വളർത്തുന്നതെന്നും വാൻസ് പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ജനക്കൂട്ടത്തിന്റെ പിന്തുണ നേടുന്നതിനായി വാൻസ് തന്റെ ഭാര്യയുടെ വിശ്വാസം ഉപയോഗിച്ചതിന് പലരും വിമർശിച്ചു. ഹിന്ദുവിനെ വിവാഹം കഴിക്കുകയും മകന് വിവേക് എന്ന് പേരിടുകയും ചെയ്ത വാന്‍സ്, ഇപ്പോൾ ഭാര്യ മതംമാറണമെന്ന് ആവശ്യമുന്നയിക്കുന്നത് ബാലിശമാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. പരാമർശം വിവാദമായതോടെ മറുപടിയുമായി ജെ ഡി വാൻസ് രംഗത്തെത്തി.

"ഞാൻ പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണ്. ആളുകൾക്ക് കൗതുകമുണ്ടാകും അതുകൊണ്ട് ഞാൻ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോകുന്നില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ ഭാര്യ. വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിലേക്ക് തിരികെ വരാൻ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവൾ ക്രിസ്ത്യാനിയല്ല. മതം മാറാൻ അവൾ തീരുമാനിച്ചിട്ടില്ല. എന്നാൽ മിശ്രവിവാഹ ബന്ധത്തിലുള്ള പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും, ഞാൻ അവളെ തുടർന്നും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യും. കാരണം അവൾ എന്റെ ഭാര്യയാണ്"- എന്നായിരുന്നു ജെ ഡി വാൻസിന്‍റെ വിശദീകരണം.