
ടെഹ്റാൻ: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ തുടരാക്രമണത്തെതുടർന്ന് സംഘർഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര വന്‍കിട ഷിപ്പിങ് കമ്പനികള്‍ റദ്ദാക്കി. ഹപഗ് ലോയ്ഡ് ഉള്‍പ്പെടെ വിവിധ ഷിപ്പിങ് ലൈനുകള്‍ സര്‍വീസ് റദ്ദാക്കി. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇന്നലെ മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ നീക്കം നിലച്ചതോടെ രാജ്യാന്തര എണ്ണവില ഉയരുകയാണ്. ബ്രെന്‍റ് ക്രൂഡ് ഓയിലിന് 12 മണിക്കൂറിനിടെ മൂന്ന് ശതമാനത്തോളം വിലകൂടിയിട്ടുണ്ട്. 150ഓളം ടാങ്കറുകൾ പേർഷ്യൻ ഉൾക്കടലില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്. സംഘർഷാവസ്ഥ സാമ്പത്തിക മേഖലയേയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി പുറത്തു വന്ന കണക്കുകളനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1, 26, 920 രൂപയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് വർധിച്ചത് 1015 രൂപയാണ്. ജനുവരി 29 ന് രാവിലെ സ്വർണം റെക്കോർഡ് വിലയായ 1,31,160 രൂപയായിരുന്നു. സാഹചര്യമിങ്ങനെ തുടർന്നാൽ റെക്കോർഡ് ഭേദിച്ച് സ്വർണം മുന്നേറുമെന്ന കാര്യത്തിൽ സംശയമില്ല.
സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ 'ഹോര്‍മുസ് കടലിടുക്ക്' അടയ്ക്കപ്പെടുകയും ചെയ്താല്‍, അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കും. ലോകത്തെ എണ്ണ വിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍, ഇന്ത്യയുടെ മൊത്തം പ്രതിമാസ ഇറക്കുമതിയുടെ 50 ശതമാനത്തെയെങ്കിലും അത് നേരിട്ട് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണ് ഹോര്‍മുസ് വഴി വന്നിരുന്നതെങ്കില്‍, ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലത് 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കേപ്ലറിന്റെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പരമ്പരാഗത മിഡില്‍ ഈസ്റ്റ് വിതരണക്കാരിലേക്ക് ഇന്ത്യ തിരിഞ്ഞതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഈ വഴി പ്രതിദിനം 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 2.6 ദശലക്ഷമായി കുതിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam