
അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേറ്റു, ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്കും മരണത്തിനും കാരണമായത്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു എ ഇ അതീവ ജാഗ്രതയിലാണ്.
ഇറാന്റെ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. 'സിഎൻഎന്നി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam