ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഇറാന്‍

By Web TeamFirst Published Jan 5, 2021, 8:18 PM IST
Highlights

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം ഇറാന്‍ തേടിയതായി ഇറാനിയന്‍ ജുഡീഷ്യറി വക്താവ് ഖൊലാംഹൊസെയ്ന്‍ ഇസ്മായിലി മാധ്യമങ്ങളോട് പറഞ്ഞു.
 

ടെഹ്‌റാന്‍: ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ വധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്നാണ് ഇറാന്‍ ഇന്റര്‍പോളിനോട് അപേക്ഷിച്ചിരിക്കുന്നത്. ട്രംപിനെ കൂടാതെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിടികൂടാനും ഇറാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സൊലൈമാനി കൊല്ലപ്പെട്ടത്. ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം ഇറാന്‍ തേടിയതായി ഇറാനിയന്‍ ജുഡീഷ്യറി വക്താവ് ഖൊലാംഹൊസെയ്ന്‍ ഇസ്മായിലി മാധ്യമങ്ങളോട് പറഞ്ഞു.

സൊലൈമാനിയുടെ വധം വളരെ ഗൗരവത്തോടെയാണ് ഇറാന്‍ കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദില്‍ വെച്ചാണ് 2020 ജനുവരി മൂന്ന് സൊലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

രണ്ടാം തവണയാണ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ അന്താരാഷ്ട്ര സഹായം തേടുന്നത്. ജൂണില്‍ ടെഹ്‌റാന്‍ പ്രൊസിക്യൂട്ടര്‍ അലി അല്‍ഖാസിമെഹര്‍ ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇറാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. രാഷ്ട്രീയ, സൈനിക, മത, വംശീയ ഇടപെടലില്‍ കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി.
 

click me!