
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതിക്കും ഇറാൻ ഔദ്യോഗികമായി കത്തയച്ചു. യുഎസിന്റെയും ഇസ്രായേലിന്റെയും നടപടി യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും ഇത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ ആരോപിച്ചു. അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് ഇറാൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന "ഓപ്പറേഷൻ എപ്പിക് ഫ്യൂറി" എന്നറിയപ്പെടുന്ന സൈനിക നീക്കത്തിൽ ഇറാനിലെ പ്രമുഖ നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടിരുന്നു. ടെഹ്‌റാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 85 ഓളം കുട്ടികൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലാകെ കടുത്ത യുദ്ധഭീതി നിലനിൽക്കുകയാണ്. "ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധ നടപടികൾ തുടരും. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam