
ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട്, ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് അതിവേഗം കരയുദ്ധത്തിന് ഇറാൻ സജ്ജമാകുന്നത്. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറെടുക്കണമെന്നും അമിർ ഹാത്മി ആവശ്യപ്പെട്ടു. ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്തതായും സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തെ വ്യോമ, മിസൈൽ ആക്രമണങ്ങളിലൂടെ ഇറാൻ തിരിച്ചടിക്കുന്നതിന് പിന്നാലെ നേരിട്ടുള്ള സൈനിക നീക്കത്തിന് കൂടി ഇരുപക്ഷവും കോപ്പുകൂട്ടുന്നത് പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാന്റെ സൈനിക - ആണവശേഷികൾ തകർത്ത് വിജയം നേടിയെന്ന് ട്രംപ് ഇന്ന് രാവിലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരയുദ്ധ സാധ്യത കൂടി ശക്തമാകുന്നത്. അമേരിക്കയുടെ അടുത്ത നീക്കം കരയുദ്ധമായേക്കുമെന്ന ഇറാൻ വിലയിരുത്തുന്നുണ്ട്.
ഇറാന്റെ സൈനിക - ആണവശേഷികൾ തകർത്ത് വിജയം നേടിയെന്ന് അവകാശപ്പെട്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കാതെയാണ് ഡോണൾഡ് ട്രംപ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. ഹോർമൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് തുറക്കാൻ ശ്രമിക്കണമെന്ന നിലപാടും ട്രംപ് ഇന്ന് പ്രഖ്യാപിച്ചു. രണ്ടോ മൂന്നോ ആഴ്ച്ചകളെടുത്ത് പിന്മാറുന്ന നീക്കമാകും അമേരിക്ക നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ നാവിക സേന, മിസൈൽ ശേഷി, സൈനിക ശേഷി, ആണവശേഷി എന്നിവ പൂർണമായി തകർത്തു. ആണവായുധത്തിന് എന്തെങ്കിലും നീക്കം നടത്തിയാൽ അമേരിക്ക അറിയും. അമേരിക്ക ഹോർമൂസിനെ ആശ്രയിക്കുന്നില്ല. അതിനാൽ ഹോർമൂസിനെ ആശ്രയിക്കുന്ന രാഷ്ട്രങ്ങൾ അത് തുറക്കണം. ഭരണമാറ്റം അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ല. പക്ഷെ അത് ഉടനെ സംഭവിക്കും. ചുരുക്കത്തിൽ അൽപ്പം കൂടിയസമയമെടുത്ത് സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്‍റെ പ്രസംഗം. കരയാക്രമണവും യുദ്ധം നിർത്തലും പ്രസംഗത്തിലുണ്ടായില്ല എന്നതും ശ്രദ്ധേയമായി. ഏതാനും ആഴ്ച്ചകൾ കൂടിയെടുത്ത അമേരിക്ക ഇറാനിൽ നിന്ന് പിൻവാങ്ങുമെന്നാണ് കരുതുന്നത്. ട്രംപിന്റെ പ്രസ്താവനകളോട് ഇറാൻ നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടില്ല. എല്ലാം ട്രംപിന്റെ തോന്നലാണെന്ന് ഐ ആർ ജി സി നേതൃത്വത്തെ ഉദ്ദരിച്ച് പ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ജനങ്ങളോട് ശത്രുതയില്ലെന്ന് അമേരിക്കൻ ജനങ്ങൾക്ക് തുറന്ന കത്തെഴുതിയ ഇറാൻ പ്രസിഡണ്ട്, കാലാകാലങ്ങളായി ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അയൽ രാജ്യങ്ങൾക്കും യൂറോപ്പിനും അമേരിക്കക്കും ഇറാൻ ഭീഷണിയല്ല എന്നും പ്രസിഡണ്ട് വിവരിച്ചു. എല്ലാ ശേഷിയും തകർന്നെന്ന അവകാശവാദങ്ങൾക്കിടെ ഇസ്രയേലിലേക്ക് കനത്ത ആക്രമണം നടത്തുകയും ചെയ്തു ഇറാൻ. മുൻ ദിവസങ്ങളിൽ കണ്ടതിനേക്കാൾ വലിയ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. ഗൾഫിന് മേലെ ആക്രമണം കുറഞ്ഞത് ആശ്വാസമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam