അതും ചീറ്റി; ട്രംപിന്റെ പുതിയ പ്രസംഗവും തിരിച്ചടിയായി; കാത്തിരിക്കുന്നത് രാഷ്ട്രീയമായ തകര്‍ച്ച!

Published : Apr 02, 2026, 02:37 PM IST
Donald Trump

Synopsis

യുദ്ധവുമായി ബന്ധപ്പെട്ട കാതലായ വിഷയങ്ങള്‍ അഭിമുഖീകരിക്കാതെ, സ്ഥിരം പറയാറുള്ള പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ യുക്തിരഹിതമായി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു ലോകം കാതോര്‍ത്തിരുന്ന പ്രസംഗത്തില്‍ ട്രംപ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിശകലനങ്ങള്‍.

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ 19 മിനിറ്റ് പ്രസംഗം ട്രംപിന് രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് വിശകലനങ്ങള്‍. ഇടക്കാല തെരഞ്ഞെടുപ്പ് ഏഴ് മാസം മാത്രം അകലെ നില്‍ക്കുമ്പോള്‍ ട്രംപിന്റെ ജനപ്രീതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്ക് കുതിക്കുന്നു. എണ്ണവില ജനങ്ങളെ ബാധിക്കുന്ന വിധത്തിലേക്ക് മാറുന്നു. ജനങ്ങളെ ബോധ്യപ്പെടുത്താതെ തുടങ്ങിയ യുദ്ധം എങ്ങനെ തീര്‍ക്കും എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ട്രംപ്.

യുദ്ധവുമായി ബന്ധപ്പെട്ട കാതലായ വിഷയങ്ങള്‍ അഭിമുഖീകരിക്കാതെ, സ്ഥിരം പറയാറുള്ള പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ യുക്തിരഹിതമായി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു ലോകം കാതോര്‍ത്തിരുന്ന പ്രസംഗത്തില്‍ ട്രംപ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിശകലനങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസ്, സി എന്‍ എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ പ്രമുഖമാധ്യമങ്ങളെല്ലാം ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ തീര്‍ക്കുന്നതില്‍ ട്രംപിന്റെ പ്രസംഗം പരാജയപ്പെടുവെന്നാണ് വ്യക്തമാക്കുന്നത്.

അഭിമുഖീകരിക്കുന്നത് കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍

കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ട്രംപ് പ്രഭാഷണത്തിന് ഇറങ്ങിയത്. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗത്തിനും ട്രംപില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന അഭിപ്രായ സര്‍വേകള്‍ വന്നുകൊണ്ടിരിക്കുകയാണ്. യുദ്ധം എങ്ങനെ തീര്‍ക്കുമെന്ന അനിശ്ചിതത്വം നീക്കാന്‍ കഴിയുന്നില്ല. കരയുദ്ധത്തിനിറങ്ങിയാല്‍ അമേരിക്കയ്ക്ക് പുലിവാലാകുമെന്ന മുന്നറിയിപ്പുകള്‍ തുടരുന്നു. യുദ്ധം സമ്പദ്വ്യവസ്ഥയിലുണ്ടാക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ച ആശങ്ക പരിഹരിക്കാന്‍ കഴിയുന്നില്ല. ഹോര്‍മുസ് പ്രതിസന്ധി അറ്റമില്ലാതെ തുടരുന്നു. നിയന്ത്രണം വിട്ടുയരുന്ന എണ്ണ വില വിപണിയെ ആഴത്തില്‍ ബാധിക്കുന്നു. അപ്പോഴും ഒരു തരത്തിലുള്ള സമവായത്തിനും നില്‍ക്കാതെ മുന്നോട്ടുപോവുകയാണ് ഇറാന്‍. ഇസ്രായേലാവട്ടെ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്ത് ലെബനോന്‍ മണ്ണ് പിടിച്ചടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇതെല്ലാം കണ്ട് വിയോജിപ്പോടെ മാറിനില്‍ക്കുകയാണ് ഇത്രകാലം അമേരിക്കയുടെ സഖ്യകക്ഷികളായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍. ഇൗ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെ, സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലും പറഞ്ഞ പരസ്പരവിരുദ്ധമായ അതേ കാര്യങ്ങള്‍ കൂട്ടിവെച്ച് പറയുകയായിരുന്നു പ്രസംഗത്തില്‍ ട്രംപ്. യുദ്ധം എന്നു തീരുമെന്ന് വ്യക്തമായി പറയുന്നതിനു പകരം, ഇത് കൂടുതല്‍ അവ്യക്തതകളാണ് നല്‍കിയത്.

ലോകം കേള്‍ക്കാനാഗ്രഹിച്ച രണ്ട് കാര്യങ്ങള്‍

ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍, അമേരിക്കയിലെയും പശ്ചിമേഷ്യയിലെയും ലോകത്തെ മറ്റിടങ്ങളിലെയും ജനങ്ങള്‍ അറിയാനാഗ്രഹിച്ചത് പ്രധാനമായും രണ്ടു കാര്യങ്ങളായിരുന്നു. ഈ യുദ്ധം എപ്പോള്‍, എങ്ങനെ അവസാനിക്കും, ഹൊര്‍മുസ് പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നീ രണ്ട് കാര്യങ്ങള്‍. വൈറ്റ് ഹൗസിലെ ക്രോസ് ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ ഈ രണ്ട് കാര്യങ്ങള്‍ക്കും ട്രംപ് ഒരു വ്യക്തതയും നല്‍കിയില്ല. പകരം, യുദ്ധം കൂടുതല്‍ വഷളാകാനുള്ള സാധ്യതയാണ് ട്രംപിന്റെ പ്രസംഗം നല്‍കിയത്. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍, 'ഇറാനെ ശിലായുഗ ജീവിതത്തിലേക്ക് തിരിച്ചയക്കും, തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇറാന്റെ വൈദ്യുതിനിലയങ്ങളും, എണ്ണ ഉല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കും' എന്നിങ്ങനെയുള്ള ഭീഷണികള്‍ അമേരിക്കക്കാരുടെ ആശങ്ക പരിഹരിക്കാനോ ഊര്‍ജ്ജ പ്രതിസന്ധി വലച്ച ആഗോള നിക്ഷേപകരുടെ ആധി ഇല്ലാതാക്കാനോ സഹായകമായിരുന്നില്ല. ഇറാന്‍ പൂര്‍ണ്ണമായും കീഴടങ്ങുക എന്ന 'ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യ'മല്ലാതെ, ഈ സംഘര്‍ഷത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വ്യക്തമായ ഒരു തന്ത്രവും ട്രംപ് മുന്നോട്ടുവെച്ചില്ല. ഇറാന്‍ യുദ്ധത്തെ ലോകമഹായുദ്ധങ്ങള്‍, കൊറിയ, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്തത്

സ്വയം ന്യായീകരിക്കാനാണെങ്കിലും അത് ജനങ്ങളെ സമാധാനിപ്പിക്കുന്നതായിരുന്നില്ല. പകരം, യുദ്ധം കൂടുതല്‍ കാലം നീളുമെന്ന സൂചനയാണ് അത് നല്‍കിയത്. ഹോര്‍മുസ് പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരി അത് പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണയെ ആശ്രയിക്കുന്ന യൂറോപ്യന്‍ സഖ്യകക്ഷികളുടെ തലയിലിട്ട നടപടിയും അവ്യക്തതകളും ആശങ്കയും കൂട്ടാനാണ് ഇടവരുത്തിയത്. കരുത്തുറ്റ അമേരിക്കന്‍ നാവികസേനയ്ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത എണ്ണപ്പാത തുറക്കാന്‍ യൂറോപ്പിനാവുമെന്ന പറച്ചില്‍ കൗശലംനിറഞ്ഞ ഒഴികഴിവിനപ്പുറം മറ്റ് രാജ്യങ്ങളെ കൂടി പ്രതിസന്ധിയിയിലാക്കുകയായിരുന്നു.

ഒഴിഞ്ഞുമാറിയ ചോദ്യങ്ങള്‍, വിട്ടകളഞ്ഞ വിഷയങ്ങള്‍

അതേ സമയം, കാതലായ പല ചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കാതെ ഒഴിഞ്ഞുമാറുന്ന ട്രംപിനെയാണ് പ്രഭാഷണത്തിലുടനീളം കണ്ടത്. അതിലേറ്റവും പ്രധാനം, ഇറാനിലെ ഭരണമാറ്റമെന്ന ലക്ഷ്യത്തില്‍ ട്രംപ് നടത്തിയ ഉരുണ്ടുകളിയായിരുന്നു. പരമാധികാര നേതാവ് ഖമനെയി ഉള്‍പ്പെടെ മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളെ വധിച്ചതിലൂടെ ഭരണമാറ്റം നടപ്പാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടും ഇറാന്‍ തിരിച്ചടി തുടരുകയാണ്. അധികാരം, പഴയ ഭരണാധികാരികളുടെ പിന്‍മുറക്കാരിലേക്ക് മാറി. യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ തീവ്ര നിലപാടുള്ളവരാണ് ഇപ്പോള്‍ ഇറാന്‍ ഭരിക്കുന്നത്. അടിസ്ഥാനരഹിതമായ അവകാശവാദം എന്നതിനപ്പുറം സ്വന്തംപരാജയമാണ് ട്രംപ് ഇതിലൂടെ സമ്മതിച്ചത്.

ആണവ ഭീഷണിയുടെ കാര്യം പറഞ്ഞാണ് ട്രംപ് യുദ്ധമാരംഭിച്ചത്. ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കിയെന്ന് കഴിഞ്ഞ ജൂണിലെ യുദ്ധത്തിനു പിന്നാലെ അവകാശപ്പെട്ട ട്രംപ് ഇത്തവണ യുദ്ധത്തിനിറങ്ങിയത് അതേ ആണവഭീഷണി പറഞ്ഞായിരുന്നു. എന്നാല്‍, ഒരു മാസത്തിനുശേഷം, രാജ്യത്തെ അഭിമുഖികരിക്കുമ്പോള്‍, സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാന്‍ താന്‍ മുതിരില്ലെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സാറ്റലൈറ്റ് നിരീക്ഷണം ഉള്ളതിനാല്‍, കഴിഞ്ഞ വര്‍ഷം താന്‍ ബോംബിട്ട ഇറാനിയന്‍ ആണവ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഈ വസ്തുക്കള്‍ ആരും തൊടാതെ കിടക്കുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. യുഎസ് സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദൗത്യങ്ങള്‍ ഒഴിവാക്കാനാണ് ഈ വാദമെങ്കിലും, ആണവ ഭീഷണി അവസാനിപ്പിച്ചു എന്ന അവകാശവാദം നുണയാണെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം.

ഹോര്‍മുസ് പ്രതിസന്ധിയെക്കുറിച്ചും ട്രംപ് ഒഴികഴിവു പറയുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തിയ ട്രംപ് പതുക്കെ തടിയൂരുന്നതാണ് പ്രസംഗത്തില്‍ കണ്ടത്. ലോക സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ച പ്രശ്‌നത്തിന് പരിഹാരം കാണാതെ, അതിന്റെ ഉത്തരവാദിത്തം മറ്റു രാജ്യങ്ങളുടെ തലയിലിടുകയായിരുന്നു ട്രംപ്. അമേരിക്കയ്ക്ക് സ്വന്തമായി വന്‍ എണ്ണശേഖരമുണ്ടെങ്കിലും, ആഗോള ഊര്‍ജ്ജ വിപണിയിലെ വില വ്യതിയാനങ്ങള്‍ അമേരിക്കക്കാരെയും ബാധിക്കും. അതിനാല്‍, ഈ വിഷയത്തിലുള്ള തലയൂരല്‍ ട്രംപിന് ഇനിയും കീറാമുട്ടിയായി തുടരാനാണ് സാധ്യത.

കാത്തിരിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടികള്‍

രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയിലാണ് ട്രംപ് ഭരണകൂടം മുന്നോട്ടുപോവുന്നത്. അദ്ദേഹത്തിന്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞതായാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള നിലതെറ്റിയ യുദ്ധപ്രഖ്യാപനങ്ങളും ദേഷ്യവും വെറുപ്പും നിറഞ്ഞ പ്രസ്താവനകളും ട്രംപിനോടുള്ള ജനവിശ്വാസം കുറയാനാണ് ഇടയാക്കിയത്. ബുധനാഴ്ചത്തെ പ്രസംഗത്തിന് മുമ്പ് പുറത്തുവന്ന സിഎന്‍എന്‍-എസ് എസ് ആര്‍ എസ് സര്‍വ്വേയില്‍ ട്രംപിന്റെ ജനപ്രീതി വെറും 35% മാത്രമാണ്. ഇറാന്‍ സൈനിക നടപടിയെ 34% പേര്‍ മാത്രമാണ് അനുകൂലിക്കുന്നത്. 68% പേരും ഇറാനിലേക്ക് കരസേനയെ അയക്കുന്നത് എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ ട്രംപ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ആ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. യുദ്ധം സൃഷ്ടിച്ച കടുത്ത സാമ്പത്തിക ആഘാതം ജനവിശ്വാസം ഇടിയുന്നതില്‍ പ്രതിഫലിക്കുന്നുണ്ട്. പുതിയ സര്‍വ്വേയില്‍ സാമ്പത്തിക കാര്യങ്ങളിലെ ട്രംപിന്റെ റേറ്റിംഗ് വെറും 31% മാത്രമാണ്. ടംപിന്റെ നയങ്ങള്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കിയതായാണ് ഏകദേശം മൂന്നില്‍ രണ്ട് അമേരിക്കക്കാരും വിശ്വസിക്കുന്നത്.

ഏഴ് മാസത്തിനുള്ളില്‍ നിര്‍ണ്ണായകമായ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രസിഡന്റിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഇത് വലിയ ഭീഷണിയാണ്. ജനപ്രീതിയിലും വിശ്വാസ്യതയിലും ഇത്രയും ഇടിവ് സംഭവിക്കുന്ന രണ്ടാം ടേം പ്രസിഡന്റുമാര്‍ക്ക് പിന്നീട് തിരിച്ചുവരവ് പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അവിശ്വാസം ട്രംപിന് വലിയ ബാധ്യതയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ, വീട്ടുവാടകയും ഭക്ഷണസാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചിരുന്നു. പെട്രോള്‍ വില ഉടന്‍ കുറയുമെന്നും ഓഹരി വിപണി കുതിച്ചുയരുമെന്നുമുള്ള അദ്ദേഹത്തിന്റെ ഉറപ്പുകള്‍ വെറും മോഹങ്ങള്‍ മാത്രമായാണ് ജനം കണക്കാക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ആശങ്ക കുറയ്ക്കുന്നതിനോ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനോ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത നടത്തിയ പ്രസംഗം ട്രംപിനെ സഹായിച്ചിട്ടില്ല എന്നാണ് വിലയിരുത്തലുകള്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻ മേയറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തിരിമറി, മാസങ്ങൾക്ക് ശേഷം അന്വേഷണം
ട്രംപിന് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങളുണ്ടെന്ന മുന്നറിയിപ്പ് നൽകി ഇറാൻ; കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി സൈന്യം